peerangy
peerangy

 സ്പോർട്സ് ഹോസ്റ്റലും നിർമ്മിക്കുന്നു

കൊല്ലം: അധി​കം വൈകാതെ കൊല്ലം പീരങ്കി മൈതാനം ഓർമ്മയാവുമെന്ന കാര്യം ഉറപ്പായി. മൈതാനത്ത് ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിനു പിന്നി​ൽ സ്പോർട്സ് ഹോസ്റ്റലിനുള്ള ഒരുക്കങ്ങളും തുടങ്ങി.

സ്പോർട്സ് കൗൺസിലിന് ലാൽ ബഹാദൂർ സ്റ്റേഡിയത്തോട് ചേർന്ന് പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ മാത്രമാണ് നി​ലവി​ലുള്ളത്. ആൺകുട്ടികൾക്കാണ് ഇൻഡോർ സ്റ്റേഡിയത്തോട് ചേർന്ന് പുതിയ ഹോസ്റ്റൽ നിർമ്മിക്കുന്നത്. നേരത്തെ അനുവദിച്ച ഒരേക്കർ ഭൂമിയെക്കാൾ 20 സെന്റ് കൂടി കൈയേറിയാണ് നിർമ്മാണം നടക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. പക്ഷേ സ്ഥലത്തെത്തി പരിശോധന നടത്താൻ റവന്യു വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

കളക്ടറേറ്റ് അനക്സ് നിർമ്മാണത്തിന് മുന്നോടിയായി കളക്ടർ വൈകാതെ പീരങ്കി മൈതാനം സന്ദർശിക്കും. കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് സന്ദർശനം. അതിന് ശേഷം പ്രത്യേക യോഗം ചേർന്ന് കെട്ടിടത്തിൽ ഉൾപ്പെടുത്തേണ്ട ഓഫീസുകളും സൗകര്യങ്ങളും ചർച്ച ചെയ്യും. പ്രതിഷേധങ്ങൾ ഉയരുമ്പോഴും അനക്സ് നിർമ്മാണവുമായി മുന്നോട്ടുപോകാൻ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

 പഴയ പൈലുകൾ തെളിഞ്ഞു

പീരങ്കി മൈതാനത്ത് മെൻസ് ഹോസ്റ്റൽ നിർമ്മാണത്തിനായി, മാലിന്യങ്ങൾ നീക്കിയപ്പോൾ ഇൻഡോർ സ്റ്റേഡിയത്തി​നു വേണ്ടി​ പതിറ്റാണ്ടുകൾക്കു മുൻപ് സ്ഥാപിച്ച പൈലുകൾ തെളിഞ്ഞു. മൂന്ന് പതിറ്റാണ്ട് മുൻപ് സ്പോർട്സ് കൗൺസിലും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് ഇൻഡോർ സ്റ്റേഡിയത്തിന് പദ്ധതിയിട്ടത്. എന്നാൽ ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ തർക്കമായി. ഇതിനിടയിൽ സ്പോർട്സ് കൗൺസിൽ ഏകപക്ഷീയമായി സ്റ്റേഡിയം നിർമ്മാണം ആരംഭിച്ചു. പിന്നീട് തർക്കം പരിഹരിച്ചു. വിവിധ പഞ്ചായത്തുകളിൽ സമാഹരിച്ച പണം സ്റ്റേഡിയം നിർമ്മാണത്തിന് നൽകാൻ ജില്ലാ പഞ്ചായത്ത് തയ്യാറായി. ഇതിനിടെ സ്റ്റേഡിയത്തിന്റെ പ്ലാനും സ്ഥാപിച്ച പൈലുകളും ഒത്തുനോക്കിയപ്പോൾ വലിയ അന്തരമുള്ളതായി വ്യക്തമായി. പ്ലാൻ പ്രകാരം നിർമ്മിക്കാൻ കഴിയില്ലെന്ന് വന്നതോടെ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ നിന്നു പിന്മാറി. ഇതോടെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പൈലുകളിൽ ഒതുങ്ങുകയായിരുന്നു.

 സി.പി.ഐ ഇടപെട്ടേക്കും

പീരങ്കി മൈതാനത്ത് കളക്ടറേറ്റ് അനക്സ് നിർമ്മിക്കുന്നതിനെതിരെ സി.പി.ഐ ഇടപെടാൻ സാദ്ധ്യത. ജില്ലയിലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുമായി നേതാക്കൾ വൈകാതെ ചർച്ച നടത്താൻ സാദ്ധ്യതയുണ്ട്.

.

പീരങ്കി മൈതാനം കൊല്ലത്തിന്റെ ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്. അത് നശിപ്പിക്കുന്നതിനോട് യോജിക്കാനാകില്ല. കളക്ടറേറ്റ് അനക്സ് അടക്കമുള്ള പദ്ധതികൾക്ക് മറ്റ് സ്ഥലങ്ങൾ കണ്ടെത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും

അഡ്വ. എ. രാജീവ്, സി.പി.ഐ സിറ്റി കമ്മിറ്റി സെക്രട്ടറി