കൊട്ടാരക്കര: നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വർഷങ്ങളായി പത്തനാപുരം ഡിപ്പോയിൽ നിന്ന് രാവിലെ 7ന് കുന്നിക്കോട് ചെങ്ങമനാട് വെട്ടിക്കവല, കണ്ണംകോട്, സദാനന്ദപുരം വഴി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ സമരത്തിനൊരുങ്ങുന്നു. രാവിലെ 7ന് പത്തനാപുരത്തു നിന്ന് ഗ്രാമീണ മേഖലകളിലൂടെ തിരുവനന്തപുരത്തക്ക് പുറപ്പെടുന്ന ഈ ബസ് സർവീസ് വർഷങ്ങളായി നാട്ടുകാർക്ക് വളരെ അനുഗ്രഹമായിരുന്നു. വെട്ടിക്കവല , കണ്ണംകോട് തുടങ്ങിയഗ്രാമീണ മേഖലയിലുള്ളവർക്ക് വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്കി പോകാനും സൗകര്യമായിരുന്നു. സദാനന്ദപുരം ചിരട്ടക്കോണം റോഡ് പണി നടക്കുന്നതിന്റെ പേരിലാണ സർവീസ് റൂട്ടുമാറ്റിവിട്ടത്. ഇപ്പോൾ ഈ തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസ് വെട്ടിക്കവല ,പാലമുക്ക് വഴി വാളകത്തു കയറി തിരുവനന്തപുരത്തേക്കു പോകുന്നുണ്ട്. സദാനന്ദപുരം ചിരട്ടക്കോണം വെട്ടിക്കവല റോഡുകൾ ഹൈടെക്കായി പണി പൂർത്തിയാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നിട്ടും ബസ് സർവീസ് പഴയപടി പുനക്രമീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ കെ.എസ്.ആർ.ടി.സി അധികൃതർക്ക് അനേകം പരാതി നൽകിയിട്ടും മേൽനടപടി ഉണ്ടാകുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.