കൊട്ടാരക്കര: കൊട്ടാരക്കര ടൗണിലും പരിസരപ്രദേശങ്ങളിലും പൈപ്പി പൊട്ടൽ വ്യാപകമായതോടെ വാട്ടർ അതോറിട്ടി അധികൃതരുടെ നിസംഗതയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മൂന്നു ദിവസം മുൻപ് കൊട്ടാരക്കര ടൗണിൽ ഡോക്ടേഴ്സ് ലൈനിനോട് ചേർന്ന് പൈപ്പു പൊട്ടി കുടിവെള്ളം നഷ്ടപ്പെടുകയും റോഡ് കുളമാകുകയും ചെയ്തസംഭവത്തിൽ വളരെ വൈകിയാണ് അധികൃതർ നടപടി സ്വീകരിച്ചത്. ഒരുദിവസം കഴിയും മുമ്പേ അതേ ഭാഗത്ത് വീണ്ടുംപൈപ്പു പൊട്ടിയത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. അന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കേടുപാടുകൾ തീർത്തു. എന്നാൽ ഇന്നലെ വീണ്ടും അതേ സ്ഥലത്ത് പൈപ്പു പൊട്ടിയതോടെ ജനങ്ങൾ വാട്ടർ അതോറിട്ടി ഓഫീസിലേക്കു മാർച്ച് സംഘടിപ്പിച്ചു. പൊതുവേ ഇടുങ്ങിയ വൺവേ റോഡിന്റെ മദ്ധ്യഭാഗം തകർന്നത് കാൽനടയാത്രക്കാരെയും വാഹനയാത്രക്കാരെയും സമീപത്തെ വ്യാപാരികളെയും വല്ലാതെ ബുദ്ധിമുട്ടിലാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭ ചെയർമാൻ എ.ഷാജുവിന്റെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് പ്രവർത്തകർ കൊട്ടാരക്കര വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. തുടർന്ന് ജില്ലാ കളക്ടറേയുംഎക്സിക്യൂട്ടീവ് എൻജിനീയറെയും പരാതി അറിയിച്ചു. ഇന്ന് കൊട്ടാരക്കര നഗരസഭ ഓഫീസിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്ന് കളക്ടർ ഉറപ്പു നൽകി. കുത്തിയിരുപ്പ് സമരത്തിന് കെ.പ്രഭാകരൻ നായർ, നീലേശ്വരം ഗോപാലകൃഷ്ണൻ, കെ.എസ്. രാധാകൃഷ്ണൻ, കൗൺസിലർ വനജരാജീവ്,ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.