 
കൊല്ലം : അഞ്ചാലുംമൂട്ടിലെ വിവിധ പ്രദേശങ്ങളിൽ കോൺഗ്രസ് സ്തൂപങ്ങൾക്ക് നേരെയും നേതാക്കന്മാരുടെ വീടുകൾക്ക് നേരെയും ആക്രമണം അഴിച്ചുവിട്ട ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്ന് എ.ഐ.സി.സി അംഗം അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. ഡി.സി.സി മുൻ പ്രസിഡന്റും , മുൻ എം.എൽ.എയുമായ തോപ്പിൽ രവിയുടെ പേരിൽ കുപ്പണയിലുള്ള സ്തൂപം പൂർണമായും നശിപ്പിച്ചു. തൃക്കടവൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ബൈജു മോഹന്റെ വീടിന് നേരെയും യൂത്ത് കോൺഗ്രസ് നേതാവ് ഷാരുവിന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി. വെളുപ്പിന് ഏകദേശം രണ്ട് മണിക്ക് രണ്ട് ബൈക്കുകളിൽ എത്തിയ ആറംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ശാസ്താംകോട്ട കോളേജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷമുണ്ടായിരുന്നു. തുടർന്ന് ശാസ്താംകോട്ടയിലെ കോൺഗ്രസ് നേതാക്കന്മാരുടെ വസതികളും സി.പി.എം ഗുണ്ടകൾ ആക്രമിച്ചിരുന്നു. അതിന്റെ തുടർച്ചയായി സി.പി.എം-ഡി.വൈ.എഫ്.ഐ ഗുണ്ടകളാണ് അഞ്ചാലുംമൂട്ടിലും അക്രമം അഴിച്ച് വിട്ടതെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. കഴിഞ്ഞ ദിവസം കുപ്പണയിൽ വച്ച് എസ്.എഫ്.ഐയുടെ യോഗം ഉണ്ടായിരുന്നു. ആ യോഗത്തിലെ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് അക്രമം നടത്തിയത്. അക്രമത്തെ സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്താനും സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറാകണമെന്നും അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള പ്രക്ഷോഭ സമരങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.