കൊല്ലം: സ്വകാര്യ മെഡിക്കൽ സ്റ്റോറിന് പിന്നിൽ കൂട്ടിയിട്ടിരുന്ന മാലിന്യം കത്തിയതിൽ നിന്നുള്ള തീ ജില്ലാ ആശുപത്രിയുടെ പാർക്കിംഗ് ഏരിയായിലേക്ക് പടർന്നത് പരിഭ്രാന്തി പടർത്തി. പാർക്കിംഗ് ഏരിയായിൽ സൂക്ഷിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾക്ക് ചൂടേറ്റ് നാശനഷ്ടമുണ്ടായി.

വെള്ളിയാഴ്ച ഉച്ചക്ക് 1.50 ഓടെയാണ് സംഭവം. ജില്ലാ ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ചാമക്കടയിൽ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. കുണ്ടറ സ്വദേശി വിജയന്റെ ബൈക്കും ചവറ സ്വദേശി സുനിൽ കുമാറിന്റെ സ്‌കൂട്ടറുമാണ് ഉരുകി നശിച്ചത്. 35,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ചാമക്കട സ്റ്റേഷൻ ഓഫീസർ ബി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.