gayathri-

കൊല്ലം: കൊട്ടിയം - കണ്ണനല്ലൂർ റൂട്ടിലെ സ്വകാര്യ ബസിൽ മോഷണം നടത്തിയ തമിഴ് യുവതിയെ പൊലീസ് പിടികൂടി. തമിഴ്‌നാട് തെങ്കാശി റെയിൽവേ കോളനിയിൽ ഡോർനമ്പർ 24, മുരുകമ്മാൾ - കണ്ണൻ ദമ്പതികളുടെ മകൾ ഗായത്രിയാണ് (23) പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മോഷണശ്രമം. ബസ് യാത്രക്കാരിയുടെ സ്വർണാഭരണം അടങ്ങിയ പേഴ്‌സാണ് മോഷ്ടിച്ചത്. ബസ് കണ്ണനല്ലൂരിൽ എത്തിയപ്പോൾ ഗായത്രി ഇറങ്ങാൻ തിരക്ക് കൂട്ടി പേഴ്‌സ് കവരുകയായിരുന്നു. ദേഹപരിശോധനയിൽ സ്വർണം അടങ്ങിയ പേഴ്‌സ് ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കണ്ണനല്ലൂർ ഇൻസ്‌പെക്ടർ യു.പി. വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സജീവ്, സി.പി.ഒമാരായ സുധ, നജീബ്, മനു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. യുവതിയെ റിമാൻഡ് ചെയ്തു.