കൊല്ലം: അമിത വേഗത്തിൽ വന്ന കാറ് രണ്ടു ഇരുചക്രവാഹനങ്ങളിലും ഓട്ടോയിലും ഇടിച്ച് മൂന്നുപേർക്ക് പരിക്ക്. ഇടിച്ച കാറ് നിറുത്താതെ പോയി. വൈകിട്ട് 5ന് കടപ്പാക്കട ജംഗ്ഷനിലാണ് സംഭവം.ആശ്രാമം റോഡിൽ നിന്ന് അമിത വേ​ഗത്തിൽ വന്ന കാറ്, മുന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചുതെറിപ്പിച്ചു. ശേഷം ബുള്ളറ്റ് ബൈക്കിൽ ഇടിച്ചു. പിന്നീട് ഓട്ടോറിക്ഷയെയും ഇടിച്ചിടുകയായിരുന്നു. പരിക്കേറ്റ മൂവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഓട്ടോഡ്രൈവറായ ഉളിയക്കോവിൽ സ്വദേശി സജീവൻ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. ഓട്ടോയിൽ ഇടിച്ചസമയത്ത് കാറിന്റെ നമ്പർ പ്ലേറ്റ് റോഡിൽ ഇളകിവീണിരുന്നു. ഇത് പരിശോധിച്ച പട്ടത്താനും സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് കാറ് എന്ന് കണ്ടെത്തി.