
ചാത്തന്നൂർ : ദേശീയ പാതയിൽ ഓട്ടോറിക്ഷയിൽ ഇടിച്ച് മറിഞ്ഞ ബൈക്കിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ കുടുങ്ങി ബൈക്കിന് തീപിടിച്ചു. ബൈക്ക് യാത്രികന് പരിക്കേറ്റു. മൈലക്കാട് തുലവിള ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാഹുലിനാണ് (25) പരിക്കേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെ കല്ലുവാതുക്കൽ കുരിശിൻമൂട് പെട്രോൾ പമ്പിന് സമീപത്താണ് അപകടം. ജോലിക്കായി വിലവൂർക്കോണത്തേക്ക് പോകവെ രാഹുലിന് മുമ്പേ പോയ ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിടുകയും ബൈക്ക് ഓട്ടോയിൽ ഇടിച്ചു മറിയുകയുമായിരുന്നു. റോഡിൽ വീണ യുവാവ് റോഡിന്റെ വശത്തേക്ക് ഉരുണ്ടു മാറുകയായിരുന്നു. റോഡിൽ വീണ ബൈക്കിൽ കൂടി ഫാസ്റ്റ് പാസഞ്ചർ ബസ് കയറുകയും ബൈക്കിനെ കുറച്ച് ദൂരം വലിച്ചുകൊണ്ട് പോകുകയും ബൈക്കിന് തീപിടിക്കുകയുമായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പൊലീസും സിവിൽ ഡിഫൻസ് ടീമും ചേർന്ന് ബൈക്കിൽ മണ്ണ് വാരിയിട്ട് തീ കെടുത്തി.