
കൊല്ലം: മത്സ്യഫെഡിൽ നിന്ന് വായ്പയെടുത്ത തുകയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കാമെന്ന വ്യവസ്ഥയിൽ തുക അടച്ചുതീർത്ത മത്സ്യത്തൊഴിലാളികൾ പണയമായി നൽകിയ ആധാരം മടക്കികിട്ടാതെ വഴിയാധാരമായി.
ആലപ്പാട് പഞ്ചായത്തിലെ 44 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് മൂന്നുവർഷമായി മത്സ്യഫെഡ് ഓഫീസുകളിൽ കയറിയിറങ്ങുന്നത്. 2015 ലാണ് ആലപ്പാട്, അഴീക്കൽ, സ്രായിക്കാട് അഴീക്കൽ, പണ്ടാരത്തുരുത്ത്, വെള്ളനാതുരുത്ത് പണ്ടാരത്തുരുത്ത് മത്സ്യത്തൊഴിലാളി സംഘങ്ങളിലൂടെ 50,000 രൂപ മുതൽ 25 ലക്ഷം രൂപ വരെ മത്സ്യബന്ധന ആവശ്യങ്ങൾക്കായി വ്യക്തികളായും ഗ്രൂപ്പുകളായും വായ്പയെടുത്തത്. പുതിയ യാനങ്ങൾ നിർമ്മിക്കുന്നതിനും നിലവിലുള്ളത് നവീകരിക്കുന്നതിനുമായിരുന്നു വായ്പ വിനിയോഗിച്ചത്.
തിരിച്ചടവ് കാലാവധി കഴിഞ്ഞിട്ടും തുക അടയ്ക്കാതെ വന്നപ്പോഴാണ് മുതൽ അടച്ചാൽ പലിശയും പിഴപ്പലിശയും ഒഴിവാക്കാമെന്ന് മത്സ്യഫെഡ് ഉറപ്പ് നൽകുന്നത്. 2018 സെപ്തംബർ 3ന് നീണ്ടകര ഫിഷറീസ് അവയർനെസ് സെന്ററിൽ ചേർന്ന യോഗത്തിൽ അന്ന് മത്സ്യഫെഡ് ചെയർമാനും ഇപ്പോൾ എം.എൽ.എയുമായ പി.പി. ചിത്തരഞ്ജനാണ് ഇത് സംബന്ധിച്ച ഉറപ്പ് നൽകുന്നത്.
മത്സ്യ ഫെഡിന്റെ വാഗ്ദാനം വിശ്വസിച്ച് വായ്പയും മറ്റും സംഘടിപ്പിച്ച് മത്സ്യത്തൊഴിലാളികൾ 60,35,425 ലക്ഷം രൂപ അടച്ചു. തുടർന്ന് പണയയാധാരം തിരികെ ചോദിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ കൈമലർത്തിയത്.
നയപരമായ തീരുമാനം അടിതെറ്റിച്ചു
1. മുതൽ ഒരുമിച്ചടയ്ക്കുന്നവർക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കാമെന്നത് മത്സ്യഫെഡിന്റെ നയപരമായ തീരുമാനം
2. സഹകരണ നിയമപ്രകാരം ഒറ്റത്തവണ തീർപ്പാക്കലിൽ പലിശയുടെ 50 ശതമാനവും പിഴപ്പലിശയും ഒഴിവാക്കാനേ ബോർഡിന് കഴിയൂ
3. മത്സ്യ മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്
4. തൊഴിലാളികൾ അടച്ച തുക കഴിഞ്ഞ മൂന്ന് വർഷമായി മത്സ്യഫെഡിൽ സസ്പെൻസ് അക്കൗണ്ടായി സൂക്ഷിച്ചിരിക്കുകയാണ്
5. തുക അടച്ച ശേഷമുള്ള പലിശ ഇടാക്കില്ലെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്
""
വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. വായ്പ തീർപ്പാക്കുന്നതിന് സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ
""
പണം അടച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും ബാദ്ധ്യത തീർത്ത് ജാമ്യവസ്തു തിരികെ നൽകിയിട്ടില്ല. മത്സ്യ ഫെഡ് ഓഫീസിൽ കയറിയിറങ്ങി മടത്തു.
മത്സ്യത്തൊഴിലാളികൾ