xp
തഴവയിലൂടെ കടന്നുപോകുന്ന കെ.ഐ.പി കനാൽ

തഴവ: കല്ലട ജലസേചന കനാലിന്റെ (കെ.ഐ.പി) കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഭാഗം ഡീകമ്മിഷൻ ചെയ്യണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കൃഷിക്ക് ആവശ്യമായ വെള്ളമെത്തിക്കുന്നതിന് 700 കോടി രൂപ ചെലവിട്ട് 1986 ലാണ് കെ.ഐ.പി കനാൽ നിർമ്മാണം പൂർത്തിയാക്കിയത്.

എന്നാൽ, നിർമ്മാണം പൂർത്തിയാക്കിയ ശേഷവും പദ്ധതിയുടെ ഗുണഭോക്തൃ പ്രദേശമായ കരുനാഗപ്പള്ളി താലൂക്കിൽ പരീക്ഷണാടിസ്ഥാനത്തിൽ പോലും വെള്ളമെത്തിക്കാൻ കെ.ഐ.പിക്ക് കഴിഞ്ഞില്ല.

കനാൽ നിർമാണത്തിലെ അശാസ്ത്രീയത തുടക്കത്തിലേ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും യാതൊരു തുടർ നടപടികളും ഉണ്ടായില്ല. വർഷങ്ങളായി ഉപയോഗശൂന്യമായിക്കിടക്കുന്ന കനാൽ ഇപ്പോൾ സ്ഥലത്തെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രമാണ്.

അനധികൃത ഇറച്ചി വിൽപ്പനകേന്ദ്രങ്ങൾ, കോഴിഫാമുകൾ എന്നിവടങ്ങളിൽ നിന്ന് വൻതോതിൽ മാലിന്യം തള്ളാൻ തുടങ്ങിയതോടെ മഴക്കാലത്ത് രൂക്ഷമായ ദുർഗന്ധം കാരണം നാട്ടുകാരുടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയാണ്. മാത്രമല്ല, സംരക്ഷണ ഭിത്തികൾ ജീർണ്ണിച്ച് തകർച്ചയിലായതോടെ കനാലിനോട് ചേർന്നുള്ള ചെറിയ റോഡുകൾ അപകടക്കെണിയായി മാറിയിരിക്കുകയുമാണ്.

തഴവ മുതൽ കുലശേഖരപുരം വള്ളിക്കാവ് വരെ 13 കിലോമീറ്റർ ദൂരത്തിലാണ് കനാൽ കടന്നു പോകുന്നത്. ഉപയോഗശൂന്യമായിക്കിടക്കുന്ന ഈ ഭാഗം ഡീകമ്മിഷൻ ചെയ്താൽ നിരവധി പദ്ധതികൾക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. ഇതിന് മന്ത്രിസഭാ തീരുമാനം ആവശ്യമായതിനാൽ സ്ഥലം എം.എൽ.എ സി.ആർ. മഹേഷിന്റെ അടിയന്തര ഇടപെടലാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.

കുടിവെള്ള പൈപ്പിടാം, കോടികൾ ലാഭിക്കാം

 കരുനാഗപ്പള്ളി - കുന്നത്തൂർ താലൂക്കുകളിൽ നടപ്പാക്കുന്ന ഞങ്കടവ് കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പുകൾ സ്ഥാപിക്കുന്നതിന് കനാൽ ഭാഗം ഉപയോഗിക്കാം. ഇതിലൂടെ പദ്ധതി ചെലവിൽ കോടിക്കണക്കിന് രൂപ ലാഭിക്കാൻ കഴിയും.

 തഴവ മണപ്പള്ളി മുതൽ കുലശേഖരപുരം പഞ്ചായത്ത് ജംഗ്‌ഷൻ വരെയുള്ള കനാൽ ഭാഗം കുടിവെള്ള പദ്ധതി പൈപ്പ് സ്ഥാപിക്കുന്നതിന് അനുയോജ്യമായതിനാൽ അദ്ധ്വാനവും കാലതാമസവും ഒഴിവാക്കാം.

 റയിൽവേ ലൈൻ, ദേശീയപാത എന്നിവ മുറിച്ച് കടന്നു പോകുന്ന കനാൽ, കുടിവെള്ള പൈപ്പ് കടന്നുപോകാൻ ഉപയോഗിക്കുന്നതിലൂടെ സാങ്കേതിക അനുമതിക്കുള്ള കാലതാമസവും ഭാരിച്ച ചെലവും ഒഴിവാക്കാം.

 കുടിവെള്ള പൈപ്പ് സ്ഥാപിച്ചതിന് ശേഷമുള്ള ഭാഗം പൊതുമരാമത്ത് വകുപ്പിനോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ കൈമാറി റോഡ് നിർമ്മിച്ചാൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഗതാഗതസൗകര്യം ലഭ്യമാകും. ഇതിലൂടെ ഉൾനാടൻ മേഖലകളിൽ വികസനം സാദ്ധ്യമാകുകയും ചെയ്യും.

 കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം വൻതോതിൽ കനാൽവഴി വള്ളിക്കാവ് പന്നിത്തോട്ടിലെത്തി അതുവഴി കായലിലും കടലിലും പതിക്കുന്നത് ഒഴിവാക്കാം.