ginger

 വിലത്തകർച്ച കർഷകരെ കടക്കാരാക്കി

കൊല്ലം: വൻകിട മൊത്തവ്യാപാരികൾ കൈയൊഴിഞ്ഞതോടെ ഇഞ്ചി, മഞ്ഞൾ വില കുത്തനെയിടിഞ്ഞ് കർഷകർ കടക്കെണിയിലായി. കഴിഞ്ഞ വർഷം കിലോയ്ക്ക് 100 രൂപ വരെ വില ലഭിച്ചിരുന്ന ഇഞ്ചിക്ക് ഇപ്പോൾ 20 മുതൽ 35 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്.

നാടൻ ഇഞ്ചിക്ക് ഡിമാൻഡുണ്ടെങ്കിലും അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരമില്ലാത്തവ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതാണ് കർഷകർക്ക് തിരിച്ചടിയായത്.

നേരത്തെ വൻകിട മൊത്തക്കച്ചവടക്കാർ കിഴക്കൻ മേഖലകളിലെ വിപണികളിലെത്തി ഇഞ്ചിയും മഞ്ഞളും സംഭരിച്ചിരുന്നു. എന്നാൽ നാടൻ ഇഞ്ചിയേക്കാൾ ഇരട്ടിയിലധികം ലാഭത്തിൽ അന്യസംസ്ഥാനത്ത് നിന്ന് നിലവാരം കുറഞ്ഞവ ലഭിക്കുന്നതിനാൽ കച്ചവടക്കാരുടെ ശ്രദ്ധ ഇതിലേയ്ക്ക് തിരിഞ്ഞു. മൂന്ന് കിലോയ്ക്ക് 100 രൂപയാണ് വില. ഇത് നാടൻ ഇഞ്ചിയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമായി.

മഞ്ഞളിന് 20 മുതൽ 25 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. വിലത്തകർച്ചയെ തുടർന്ന് പല കർഷകരും മഞ്ഞൾ പുഴുങ്ങി ഉണക്കി പൊടിച്ച് വില്പന നടത്തുന്നുണ്ടെങ്കിലും വലിയ വില ലഭിക്കുന്നില്ല.

കൃഷി മറന്ന് കാർഷിക കൗൺസിൽ

1. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കർഷകർക്ക് കൈത്താങ്ങായില്ല

2. കർഷകർക്ക് സഹായം ഒരുക്കാനും വിളകൾക്ക് മാന്യമായ വില വാങ്ങിനൽകാനുമാണ് കൗൺസിൽ രൂപീകരിച്ച്

3. എന്നാൽ കൃഷി ഓഫീസ് പരിധികളിൽ കാർഷിക വിപണി ആരംഭിച്ചില്ല

4. രൂപീകരിച്ചവയുടെ പ്രവർത്തനം നിർജ്ജീവം

5. അടിസ്ഥാന വില നിശ്ചയിക്കുന്നത് അന്യസംസ്ഥാന വിപണിയുമായി താരതമ്യപ്പെടുത്തി

6. വില നിയന്ത്രിക്കേണ്ട കൗൺസിൽ ഇടപെടൽ ശക്തമല്ല

വില - ഇപ്പോൾ - നേരത്തെ

ഇഞ്ചി - ₹ 20 - 35, ₹ 85 -100

മഞ്ഞൾ - ₹ 20- 25,​ ₹ 60 - 90

""

ആറ് മുതൽ എട്ടുമാസം കൊണ്ടാണ് ഇഞ്ചിയും മഞ്ഞളും വിളവെടുക്കുന്നത്. ചെലവ് വർദ്ധിച്ചതും കൃഷിയിലെ തിരിച്ചടിയും വിലക്കുറവും വലിയ നഷ്ടമാണ് സമ്മാനിക്കുന്നത്.

കർഷകർ