gra

കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷൻ കാപ്പെക്സ് ഫാക്ടറികളിൽ നിന്ന് 2016 മുതൽ 2021 വരെ വിരമിച്ച തൊഴിലാളികൾക്കുള്ള ഗ്രാറ്റുവിറ്റി വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രി പി. രാജീവ് നിർവഹിക്കുമെന്ന് കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കാപ്പെക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കശുഅണ്ടി വികസന കോർപ്പറേഷനിൽ 20 കോടിയും കാപ്പക്സിൽ 10 കോടിയുമാണ് വിതരണം ചെയ്യുക. ഇനി മുതൽ വിരമിക്കുമ്പോൾ തന്നെ ഗ്രാറ്റുവിറ്റി വിതരണം ചെയ്യും. ഇതുവരെ കുടിശികയായി കിടന്നിരുന്ന 72.44 കോടി രൂപ പലതവണയായി വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഇരു സ്ഥാപനങ്ങളിലെയും 3213 തൊഴിലാളികൾക്കാണ് ഗ്രാറ്റുവിറ്റി വിതരണം ചെയ്യുന്നതെന്നും ചെയർമാൻമാർ അറിയിച്ചു. കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും ചരിത്രത്തിലാദ്യമായാണ് ഗ്രാറ്റുവിറ്റി കുടിശിക മുഴുവൻ കൊടുത്തുതീർക്കുന്നതെന്നും അവർ പറഞ്ഞു.

കോർപ്പറേഷന്റെ ഒന്നാം നമ്പർ കൊട്ടിയം കാഷ്യു ഫാക്ടറിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകും. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയാകും. എം.പി.മാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, എം. നൗഷാദ് എം.എൽ.എ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻമാർക്കൊപ്പം കാഷ്യു കോർപ്പറേഷൻ ആൻഡ് കാപ്പെക്സ് മാനേജിംഗ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണനും പങ്കെടുത്തു.