road

കൊല്ലം: വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാതകളുടെ നിലവാരവും അപകടങ്ങളുടെ കാരണവും അടിസ്ഥാനമാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള റോഡ് സേഫ്ടി ഓഡിറ്റ് നടത്താൻ മോട്ടോർ വാഹന വകുപ്പ്. അപകടങ്ങൾ കൂടുന്നതിന്റെ കാരണം വ്യക്തമാക്കി റോഡുകളിലും സൂചനാഫലകങ്ങളിലുമടക്കം മാറ്റം വരുത്തുന്ന സേഫ്ടി ഓഡിറ്റ് വിദേശരാജ്യങ്ങളിൽ നേരത്തെ തന്നെ നടപ്പാക്കിയിട്ടുണ്ട്.

വാഹനപരിശോധനയിലും പിഴയീടാക്കുകയും ചെയ്യുന്നത് കാര്യക്ഷമമല്ലെന്ന വിലയിരുത്തലിൽ ഇനി മുതൽ ഡ്രൈവർമാർക്കുള്ള ബോധവത്കരണ പ്രവർത്തനങ്ങളും വകുപ്പ് ഊർജ്ജിതമാക്കും.

ഓഡിറ്റ് നടപ്പാക്കുന്നത് ഇങ്ങനെ

1. മേഖലകളായി തിരിച്ച് കഴിഞ്ഞ മൂന്ന് വർഷത്തെ അപകടങ്ങളുടെ കണക്കുകൾ താരതമ്യപ്പെടുത്തും

2. കൂടുതൽ അപകടം നടന്ന മേഖല കണ്ടെത്തി ഗൂഗിൾ മാപ്പിലടക്കം റെഡ് സ്പോട്ടായി സൂചിപ്പിക്കും

3. ഇവിടെ ആവശ്യമായ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്യും

4. ഇതിന്റെ അടിസ്ഥാനത്തിൽ ഗതാഗത കമ്മിഷണറുടെ നേതൃത്വത്തിൽ മറ്റ് നടപടികൾ

5. പൊതുമരാമത്ത്, ദേശീയപാത വിഭാഗം, ജലവിഭവ വകുപ്പ് എന്നിവയ്ക്കും റിപ്പോർട്ട് നൽകും

കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകും

1. അപകട സാദ്ധ്യതാ പ്രദേശങ്ങളെക്കുറിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് ലഭിക്കും

2. റോഡിലെ മാറ്റങ്ങൾ പൊതുമരാമത്ത് വകുപ്പിനെ അറിയിച്ച് നടപടി വേഗത്തിലാക്കും

3. ഇതിലൂടെ അപകടങ്ങളുടെ തോത് കുറയ്ക്കാൻ കഴിയും

4. സൂചനാഫലകങ്ങൾ, റിഫ്ളക്ടീവ് സ്റ്റഡുകൾ, സ്ട്രീറ്റ് ലൈറ്റുകൾ എന്നിവ സ്ഥാപിക്കും

5. ക്രാഷ് ഗാർഡുകൾ സ്ഥാപിക്കുന്നത് അപകട തീവ്രത കുറയും

ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

ഓരോ ജില്ലയിൽ നിന്ന് ഒരു മോട്ടോർ വാഹന ഉദ്യോഗസ്ഥൻ വീതം മൂന്ന് മാസം മുമ്പ് ഡൽഹി ഐ.ഐ.ടിയിൽ റോഡ് സേഫ്ടി ഓഡിറ്റ് പരിശീലന ക്ളാസുകളിൽ പങ്കെടുത്തിരുന്നു. അതാത് ജില്ലകളിലെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥൻ മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ഓഡിറ്റിന് നേതൃത്വം നൽകുകയും ചെയ്യും. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലുള്ളവരായിരിക്കും ഓരോ മേഖലകൾ കേന്ദ്രീകരിച്ച് ഓഡിറ്റ് നടത്തി റിപ്പോർട്ട് തയ്യാറാക്കുക.

""

കുന്നത്തൂർ സബ് ആർ.ടി ഓഫീസ് പരിധിയിലെ കടപുഴ - ആനയടി പാതയിലാണ് ജില്ലയിലെ ആദ്യ റോഡ് സേഫ്ടി ഓഡിറ്റ് നടത്തുക.

മോട്ടോർ വാഹന വകുപ്പ് അധികൃതർ