
നികത്താൻ ഇറക്കിയ ഗ്രാവൽ തിരികെ എടുപ്പിച്ചു
വില്ലേജ് ഓഫീസറെ സ്ഥലം മാറ്റുമെന്ന് ഭീഷണി
ഓച്ചിറ: അനധികൃത നിലം നികത്തൽ വ്യാപകമായ ഓച്ചിറ പഞ്ചായത്തിൽ നികത്താനായി ഇറക്കിയ ഗ്രാവൽ തിരികെ എടുപ്പിച്ച് റവന്യു അധികൃതർ. ശക്തമായ രാഷ്ട്രീയ സമ്മർദ്ദത്തെ അതിജീവിച്ചാണ് റവന്യു ഉദ്യോഗസ്ഥർ ഗ്രാവൽ തിരികെ എടുപ്പിച്ചത്. ഓച്ചിറ മേമന നാട്ടുവാതുക്കൽ ചന്തയ്ക്ക് കിഴക്കുവശം പാട്ടത്തിൽ വീട്ടിൽ അഹമ്മദ്കുഞ്ഞിന്റെ നിലമാണ് കഴിഞ്ഞ ദിവസം അനധികൃതമായി നികത്താൻ ശ്രമിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ റവന്യു അധികൃതർ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി. നിയമനടപടികൾ സ്വീകരിക്കാൻ സംഭവം കളക്ടർക്കും മറ്റുനടപടികൾക്കായി തഹസീൽദാറിനും റിപ്പോർട്ട് ചെയ്തു.
കരുനാഗപ്പള്ളി എൽ.ആർ തഹസീൽദാർ സുശീലയുടെ നിർദ്ദേശാനുസരണം വില്ലേജ് ഓഫീസർ എൻ.അനിൽകുമാർ, ഫീൽഡ് അസിസ്റ്റന്റുമാരായ സുമേഷ്, രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് നിയമ നടപടികൾ സ്വീകരിച്ചത്. എന്നാൽ, റവന്യു അധികൃതരുടെ നിലപാടിന് എതിരായ സമീപനമായിരുന്നു സ്ഥലത്തെ രാഷ്ട്രീയ പാർട്ടികൾ കൈക്കൊണ്ടത്. ഗ്രാവൽ വാരിമാറ്റുന്നത് ചിത്രീകരിക്കാനും ഫോട്ടോയെടുക്കാനും ശ്രമിച്ച മാധ്യമ പ്രവർത്തകരെ
ഇവരുടെ നേതൃത്വത്തിൽ തടയാനും കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. നടപടിയെടുത്ത വില്ലേജ് ഓഫീസറെ സ്ഥലം മാറ്റുമെന്ന് ഭൂമാഫിയ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരാഴ്ച മുമ്പാണ് ഗ്രാവൽ അടിച്ച് നിലം നികത്തിയത്.
പണം തട്ടുന്ന
സംഘവും രംഗത്ത്
ദേശീയപാത വികസനത്തോടനുബന്ധിച്ച് പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഓച്ചിറയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി നിലം നികത്തുന്നതിനെക്കുറിച്ച് കേരളകൗമുദി ജനുവരി 25 ന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട നിലങ്ങൾ വ്യാപകമായി നികത്തിയവർക്ക് റവന്യു അധികൃതർ നോട്ടീസ് നൽകുകയും ചെയ്തു. ഇതിനെ അവഗണിച്ചാണ് രാഷ്ട്രീയപാർട്ടികളുടെ പിൻബലത്തിൽ നിലം നികത്തൽ വീണ്ടും വ്യാപകമായത്.
നിലം നികത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഒരു സംഘം സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്. ചില മനുഷ്യാവകാശ സംഘടനകളുടെ മറവിലാണ് ഇവർ പണം തട്ടുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇത്തരക്കാർക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് പൊലീസ് പറഞ്ഞു.
....................................................................................................................................................................
നിലം നികത്തലിനെക്കുറിച്ച് വ്യാപക പരാതിയുണ്ട്. ഡേറ്റബാങ്കിൽ ഉൾപ്പെട്ട നിലം നികത്തുന്നത് തുടർന്നാൽ നിയമനടപടി സ്വീകരിക്കും.
എൻ. അനിൽകുമാർ,
വില്ലേജ് ഓഫീസർ, ഓച്ചിറ.