photo
ഗുഹാനന്ദപുരം സ്കൂൾ മൈതാനത്തോട് ചേർന്നുള്ള കായൽത്തീരത്തെ ഉയരംകുറഞ്ഞ കരിങ്കൽ ഭിത്തി

കരുനാഗപ്പള്ളി: തെക്കുംഭാഗം ഗുഹാനന്ദപുരം ക്ഷേത്രത്തിന് തെക്കുവശത്ത് കായൽ തീര സംരക്ഷണത്തിനായി നിർമ്മിച്ച കരിങ്കൽ ഭിത്തിയുടെ ഉയരം കൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലെ ഭിത്തി ഉയർത്തി നിർമ്മിച്ച് മേൽഭാഗത്ത് കോൺക്രീറ്റ് ചെയ്താൽ കായൽ വെള്ളത്തിന്റെ കടന്നു കയറ്റം തടയാൻ കഴിയും.ഗുഹാനന്ദപുരം ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തോട് ചേർന്നുള്ള ഭാഗത്താണ് കരിങ്കൽഭിത്തിയുള്ളത്. ഇതിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഗുഹാനന്ദപുരം ബോട്ട് ജെട്ടി. അഷ്ടമുടി കായലിനോട് ചേർന്നുകിടക്കുന്നതിനാൽ മഴകാലത്ത് കായൽ വെള്ളം മൈതാനത്തിലേക്ക് കയറി വെള്ളക്കെട്ടാകുന്നത് പതിവാണ്.

വേലിയേറ്റത്തിൽ കായലിൽ നിന്ന് വെള്ളം കരയിലേക്ക് അടിച്ചുകയറി കര ഇടിഞ്ഞു താഴുന്നതും ഇവിടെ പതിവാണ്. കായൽ തീരം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുഹാനന്ദപുരം ക്ഷേത്രഭരണ സമിതിയും സ്കൂൾ പി.ടി.എയും അധികൃതർക്ക് പലതവണ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് നാലു വർഷം മുമ്പ് മൈനർ ഇറിഗേഷൻ വകുപ്പ് മുൻകൈയെടുത്ത് ഇവിടെ തീര സംരക്ഷണ ഭിത്തി നിർമ്മിച്ചത്.

തീരത്തിന് താഴെയിറക്കി കരങ്കിൽ ഭിത്തി നിർമ്മിച്ചതിനാൽ മണ്ണിടിച്ചിൽ തടയാൻ കഴിഞ്ഞെങ്കിലും കായൽ വെള്ളത്തിന്റെ കടന്നുകയറ്റം തടയാനായില്ല.

സംരക്ഷണ ഭിത്തിക്ക് പൊക്കം കുറവായതിനാൽ വേലിയേറ്റത്തിൽ കായൽ വെള്ളം കരയിലേക്ക് അടിച്ചുകയറുന്നത് പതിവാണ്. ഇത്തരത്തിൽ കായലിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് ക്ഷേത്രത്തിലെത്തുന്ന ഭക്തരെയും സ്കൂളിലെ വിദ്യാർത്ഥികളെയും ഭീതിയിലാക്കും. നാല് വർഷം മുമ്പ് നിർമ്മിച്ച കരിങ്കൽ ഭിത്തിയുടെ പല ഭാഗങ്ങളിൽ നിന്ന് പാറക്കല്ലുകൾ ഇളകിവീഴാൻ തുടങ്ങിയിട്ടുണ്ട്. അറ്റകുറ്രപ്പണികൾ അടിയന്തരമായി നടത്തിയില്ലെങ്കിൽ അധികം താമസിയാതെ കരിങ്കിൽ ഭിത്തി പൂർണ്ണമായും തകരും. അറ്റകുറ്റപ്പണി നടത്തുമ്പോൾ സംരക്ഷണ ഭിത്തിയുടെ ഉയരം വർദ്ധിപ്പിച്ച് കരയെ സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.