കൊല്ലം: ചരിത്രത്തിന്റെ ശേഷിപ്പുകളിലൊന്നായ പീരങ്കി മൈതാനം (കന്റോൺമെന്റ് മൈതാനം) ഇല്ലാതാക്കി റവന്യൂ കോംപ്ളക്സ് നിർമ്മിക്കാനുളള നീക്കത്തിൽ രാഷ്ട്രീയ പാർട്ടികൾക്കും സാംസ്കാരിക പ്രവർത്തകർക്കും മൗനം.

നാടിന്റെ സാംസ്കാരിക പൈതൃകം ഇല്ലതാക്കി കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കുന്നതിനെതിരെ ജനങ്ങൾക്കിടയിൽ വലിയ രോഷം ഉയർന്നിട്ടും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും പ്രതികരിച്ചില്ല. സർക്കാർ ഓഫീസുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യത്തിന് സ്ഥല സൗകര്യങ്ങൾ ഉള്ളപ്പോൾ കന്റോൺമെന്റ് മൈതാനം തന്നെ എന്തിന് ഏറ്റെടുക്കണമെന്നാണ് ജനങ്ങളുടെ ചോദ്യം. പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതോടെ കോടതികൾ പൂർണ്ണമായി കളക്ടേറ്റിൽ നിന്ന് മാറ്റപ്പെടും. ഇതോടെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിരവധി ഓഫീസുകൾ കളക്ടറേറ്റിലേക്ക് മാറ്റാനാവും. പിന്നെന്തിനാണ് റവന്യൂ കോംപ്ളക്സ് എന്ന ചോദ്യവും ഉയരുന്നു.

പീരങ്കി മൈതാനത്തിന്റെ ഒരു ഭാഗത്താണ് ലാൽബഹാദൂർ സ്റ്റേഡിയം നിർമ്മിച്ചത്. നിലവിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം ഇവിടെ പുരോഗമിക്കുകയാണ്. ശേഷിക്കുന്ന ഭൂമിയിൽ നിന്ന് ഒരേക്കർ സ്ഥലം മാറ്റിയാൽ സ്റ്റേഡിയം തന്നെ ഇല്ലാതാകുന്ന അവസ്ഥയാകും.