paravur
പരവൂർ നഗരത്തിലെ അനധികൃത പാർക്കിംഗ്

പരവൂർ: പരവൂർ ജംഗ്‌ഷൻ, മാർക്കറ്റ് റോഡ്, തെക്കുംഭാഗം റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, ചാത്തന്നൂർ- പരവൂർ വൺവേ എന്നിവിടങ്ങളിലെ തി​രക്കും കുരുക്കും വല്ലാത്ത തലവേദനയാവുന്നു.

ചാത്തന്നൂരിൽ നിന്ന് റെയിൽവേ ഓവർബ്രിഡ്ജ് വഴി പരവൂരിലെത്തുന്ന റോഡ് വൺവേയാണ്. എന്നാൽ ​ഇത് തെറ്റിച്ച് വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നത് ഗതാഗതക്കരുക്കിന് മാത്രമല്ല,​ അപകടത്തിനും ഇടയാക്കുന്നുണ്ട്.

ഇരുവശങ്ങളിലെയും അനധികൃത കാർ പാർക്കിംഗാണ് വീതി കുറഞ്ഞ റെയിൽവേസ്റ്റേഷൻ റോഡിന്റെ പ്രശ്നം. രാവിലെ മുതൽ ഉച്ചവരെയാണ് മാർക്കറ്റ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. കടകളിലേക്ക് സാധനങ്ങളുമായെത്തുന്ന ലോറികൾ റോഡിന്റെ വശങ്ങളിൽ നിറുത്തിയിടുന്നത് മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. അന്യവാഹനങ്ങൾ പ്രവേശിക്കരുതെന്ന് ബസ് സ്റ്റാൻഡിനുമുമ്പിൽ നഗരസഭ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമൊന്നുമില്ല.

 തിരക്കിലും പരവേശം!

നഗരത്തിലെ ഈ തിരക്കിനിടയിലൂടെ ബൈക്കുകളിൽ ചീറിപ്പായുന്നവരാണ് മറ്രൊരു ഭീഷണി.

കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കാൽനടക്കാരാണ്. വൺവേ തെറ്റിച്ച് വരുന്ന വാഹനങ്ങളും ചീറിപ്പായുന്ന ബൈക്കുകളും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അപകടങ്ങളും പതിവായി​ട്ടുണ്ട്. ചില ദിവസങ്ങളിൽ മാത്രമാണ് ജംഗ്‌ഷനിൽ പൊലീസ് നിയന്ത്രണമുള്ളത്. വിവിധ പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നഗരസഭ കാര്യാലയത്തിൽ നിന്ന് മാത്രമേ അവ നിരീക്ഷിക്കാൻ കഴിയൂ. പൊലീസ് സ്റ്റേഷനിൽ കാമറയുടെ മോണിട്ടർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് അപേക്ഷ നൽകിയെങ്കിലും നടപടി​ ആയി​ല്ല.