
കൊല്ലം: ബീച്ചിൽ ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങിയ കുടുംബത്തിലെ പത്തുവയസുകാരൻ തിരയിൽപ്പെട്ടു. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു. ഇന്നലെ വൈകിട്ട് 5.45 ഓടെ ബീച്ചിന്റെ മദ്ധ്യഭാഗത്തായിരുന്നു അപകടം.
ചവറ സ്വദേശികളായ മാതാപിതാക്കളും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം കടലിലിറങ്ങുകയായിരുന്നു. ലൈഫ് ഗാർഡുകൾ മുന്നറിയിപ്പ് നൽകിയെങ്കിലും അവഗണിച്ചു. തുടർന്നാണ് ഇളയകുട്ടി തിരയിൽപ്പെട്ടത്. തൊട്ടടുത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകളായ രതീഷ് കുമാർ, എം.കെ. പൊന്നപ്പൻ, ഷാജി ഫ്രാൻസിസ് എന്നിവർ കടലിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുട്ടിയും കുടുംബവും വീട്ടിലേക്ക് മടങ്ങി.