
കൊല്ലം: ബീഡി വാങ്ങി നൽകാൻ ആവശ്യപ്പെട്ടത് നിരസിച്ച പിതാവിന്റെ തല ചുറ്റിക കൊണ്ടടിച്ച് പൊട്ടിക്കുകയും കാൽ തല്ലിയൊടിക്കുകയും ചെയ്ത യുവാവിനെ പൊലീസെത്തി കീഴ്പ്പെടുത്തി.
പരവൂർ കൂനയിൽ പുതുവീട് സുനിൽ മന്ദിരത്തിൽ സുനിലാണ് (31) പിതാവ് സുകുമാരനെ ആക്രമിച്ചത്. 17ന് രാത്രിയിലായിരുന്നു സംഭവം. വിദേശത്തായിരുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. സംഭവസമയത്ത് ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആയുധവുമായി നിലയുറപ്പിച്ച സുനിൽ പിതാവിന്റെ അടുത്തേക്ക് ആരെയും അടുപ്പിച്ചില്ല.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പരവൂർ പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. രക്തം വാർന്നുകിടന്ന സുകുമാരനെ പൊലീസ് നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി.
മാതാവിന്റെ പരാതിയിൽ സുനിലിനെതിരെ കേസെടുത്തു. പരവൂർ ഇൻസ്‌പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ നിതിൻ നളൻ, സുരേഷ്ബാബു, നിസാം, എസ്.സി.പി.ഒ മാരായ വിമൽ ചന്ദ്രൻ, സിന്ധു
സി.പി.ഒമാരായ രതീഷ്, പ്രേംലാൽ, ഷെഫീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.