sujith-

കൊല്ലം: മദ്യലഹരിയിൽ ഭർത്താവ് ആക്രമിക്കുന്നതായി യുവതി ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കടിച്ച് പരിക്കേൽപ്പിച്ച യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ഈസ്​റ്റ് കടപ്പാക്കട ഫാമിലി നഗർ 12 പഴയത്ത് കിഴക്കതിൽ വീട്ടിൽ സുജിത്തിനെയാണ് (28) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പട്രോളിംഗിലുണ്ടായിരുന്ന ഇരവിപുരം സ്​റ്റേഷനിലെ എസ്.ഐ ജയേഷ്, എസ്.സി.പി.ഒ ലതീഷ്‌മോൻ എന്നിവർക്കാണ് കടിയേറ്റത്.

ഇയാളുടെ ഭാര്യ നൽകിയ സന്ദേശത്തെ തുടർന്ന് പുന്തലത്താഴം പഞ്ചായത്ത് വിളയിലുള്ള ഭാര്യ വീട്ടിലെത്തിയ പൊലീസ് ഇയാളെ അനുനയിപ്പിച്ച് ജീപ്പിൽ കയ​റ്റാൻ ശ്രമിക്കവേ എസ്.ഐയുടെ ഇരുകൈകളിലും കടിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച ലതീഷ്‌മോനെ ചവിട്ടി താഴെയിട്ടശേഷം കടിച്ച് മുറിവേൽപ്പിച്ചു.

തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, ആന്റണി, ജയകുമാർ, എ.എസ്.ഐ സുരേഷ്, ലതീഷ്‌മോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.