കൊട്ടാരക്കര : കൊട്ടാരക്കരയിൽ നിരന്തരമുണ്ടാകുന്ന പൈപ്പു പൊട്ടലിന് പരിഹാരമായി. നഗരസഭ പരിധിയിൽ എവിടെയങ്കിലും പൈപ്പ് പൊട്ടിയാൽ 24 മണിക്കൂറിനകം പരിഹരിക്കാനും കുടിവെള്ള വിതരണം പുനരാരംഭിക്കാനും നഗരസഭ ഹാളിൽചേർന്ന യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ ദിവസങ്ങളിൽ കൊട്ടാരക്കര ടൗണിൽ ഉണ്ടായ പൈപ്പു പൊട്ടൽ സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭ ചെയർമാൻ
എ.ഷാജുവും സംഘവും വാട്ടർ അതോറിട്ടി ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ ഉറപ്പിനെ തുടർന്നാണ് കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ചത്. അതിൻ പ്രകാരം ഇന്നലെ നഗരസഭ ചെയർമാൻ എ.ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ അനിതാ ഗോപകുമാർ, വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ അനിതാകുമാരി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സോണിയ, എൻജിനീയർ പി.സ്റ്റീഫൻ അലക്സാണ്ടാർ ,മുൻസിപ്പൽ സെക്രട്ടറി പ്രദീപ് കുമാർ, മുൻസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.കൊട്ടാരക്കരയിൽ വാട്ടർ അതോറിറ്റി കൺട്രോൾ റൂം തുറക്കാനും തീരുമാനമായി.