കൊല്ലം: കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അജണ്ട വായിക്കാതെ, വിഷയങ്ങൾ പാസായെന്ന് മേയർ പ്രഖ്യാപിച്ചത് ഭരണ, പ്രതിപക്ഷ വാക്കേറ്റത്തിൽ കലാശിച്ചു.
ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ 2013- 14 സാമ്പത്തിക വർഷത്തെ തെരുവ് വിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട വിഷയമാണ് വിവാദമായത്.ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി. ഗിരീഷ് സംസാരിച്ചുതുടങ്ങിയതോടെ മേയർ ഇടപെട്ടു. തുടർന്ന് ഇരുവരും തമ്മിൽ പത്തുമിനിട്ടോളം തർക്കത്തിലായി. വിഷയം മറ്റ് കൗൺസിലർമാർ ഏറ്റെടുത്തതോടെ കൗൺസിൽ യോഗം ബഹളത്തിലായി .
തെരുവുവിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് വൈദ്യുതി നിരക്കിന്റെ 30 ശതമാനം നൽകാമെന്ന വ്യവസ്ഥയിൽ തൂണുകളിൽ പരസ്യം പതിക്കാൻ കൊല്ലത്തെ സ്വകാര്യ ഏജൻസിയുമായി കോർപ്പറേഷൻ കരാറിലേർപ്പെട്ടിരുന്നു. എന്നാൽ നിരക്കിൽ വർദ്ധനവുണ്ടായപ്പോൾ കരാറുകാരുമായി തർക്കമുണ്ടാകുകയും തുടർന്ന് അവർ കരാറിൽ നിന്ന് പിന്മാറുകയും ചെയ്തു. പദ്ധതി നടത്തിപ്പിൽ ഓഫർ ഉണ്ടായിട്ടും അതിന് വിരുദ്ധമായി കരാറുണ്ടാക്കി കോർപ്പറേഷന് 1.10 കോടി നഷ്ടമുണ്ടായെന്ന് ഓഡിറ്റ് വകുപ്പ് കണ്ടെത്തുകയും വീഴ്ച വരുത്തി നഷ്ടമുണ്ടാക്കിയതിനാൽ മേയർ, സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജിനീയർ, കൗൺസിൽ അംഗങ്ങൾ എന്നിവരിൽ നിന്നു തുക ഈടാക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. തുക ഈടാക്കുന്നതിൽ നിന്നൊഴിവാകാനായി ഓഡിറ്റ് ഒബ്ജക്ഷൻ ഒഴിവാക്കാനാണ് അജണ്ടയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇത് കൗൺസിലിൽ വായിക്കാതിരുന്നതാണ് തർക്കത്തിനിടയാക്കിയത്.
ബഹളത്തെ തുടർന്ന് അരമണിക്കൂറോളം കൗൺസിൽ യോഗം തടസപ്പെട്ടു. പിന്നീട് ബി.ജെ.പി അംഗങ്ങളുടെ വിയോജിപ്പ് രേഖാമൂലം എഴുതിനൽകി. ധാർഷ്ട്യം നിറഞ്ഞ സമീപനമാണ് മേയർ തുടരുന്നതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.