കൊല്ലം: സ്വാതന്ത്ര്യ സമര പോരാട്ടത്തിനിടെ ധീരദേശാഭിമാനികളുടെ ചോര വീണ മണ്ണാണ് കന്റോൺമെന്റ് മൈതാനമെന്നും ഇവിടെ കളക്ടറേറ്റ് അനക്സ് നിർമ്മിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും മുൻ കൗൺസിലർ എസ്. സുരേഷ് ബാബു ആവശ്യപ്പെട്ടു.
1927 ഒക്ടോബർ 11ന് കന്റോൺമെന്റ് മൈതാനത്ത് പതിനായിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളെ അഭിസംബോധന ചെയ്തുകൊണ്ട് മഹാത്മാഗാന്ധി പ്രസംഗിച്ച യോഗത്തിൽ, കൊല്ലം നഗരസഭയുടെ പ്രസിഡന്റും ചെയർമാനുമായിരുന്ന എം.ആർ. മാധവവാര്യർ ഗാന്ധിജിയെ സ്വീകരിച്ചതും പണക്കിഴി നൽകിയതും ചരിത്രത്തിന്റെ ഭാഗമാണ്. 1934ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ 31-ാമത് വാർഷിക പൊതുയോഗം നടന്നതും ഇവിടെയായിരുന്നു.1938 സെപ്തംബറിൽ സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് പീരങ്കി മൈതാനത്ത് പൊലീസ് നടത്തിയ വെടിവെയ്പ്പിൽ ആശ്രാമം ലക്ഷ്മണൻ, അയത്തിൽ ഗോപാലകൃഷ്ണപിള്ള, കൊല്ലൂർവിള മൈതീൻ കുഞ്ഞ്, കുരീപ്പുഴ കൊച്ചുകുഞ്ഞ് എന്നിവർ രക്തസാക്ഷികളായി. ഈ മണ്ണിൽ കെട്ടിടസമുച്ചയം നിർമ്മിക്കുന്നത് ചരിത്രത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.