കൊട്ടാരക്കര: മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ വിറക് കഷണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. വാളകം കമ്പംകോട് സ്വദേശിനിയായ നാല്പത്തഞ്ചുകാരിയ്ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാതൃസഹോദരിയായ കമ്പംകോട് തെക്കടത്ത് പണ്ടകശാലയിൽ ലീലാമ്മയ്ക്കെതിരെ (55) കൊട്ടാരക്കര പൊലീസ് കേസെടുത്തു. മർദ്ദനമേറ്റ സ്ത്രീ മാതാപിതാക്കൾ മരണപ്പെട്ടശേഷം ലീലാമ്മയുടെ സംരക്ഷണയിലായിരുന്നു താമസിച്ചുവന്നത്. സ്വത്തുവകകൾ ലീലാമ്മയുടെ പേരിലാക്കിയശേഷം സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.