
കൊട്ടാരക്കര: വാളകത്ത് പൊതുസ്ഥലത്ത് തീപടർന്ന് പൊലീസ് കസ്റ്റഡിയിലുള്ളതടക്കം ഇരുപത് വാഹനങ്ങൾ കത്തിനശിച്ചു. ഇന്നലെ വൈകിട്ട് മുന്നോടെയായിരുന്നു അപകടം. വാളകം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തായി എം.സി റോഡിന്റെ വശത്താണ് കസ്റ്റഡി വാഹനങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവിടെയാണ് തീ പടർന്നത്. അപകടത്തിൽപ്പെട്ടതും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതുമായ വാഹനങ്ങളാണ് കത്തി നശിച്ചത്. സംഭവ സമയത്ത് എയ്ഡ് പോസ്റ്റിൽ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. തീ പടരുന്നതുകണ്ട നാട്ടുകാരാണ് പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചത്. കൊട്ടാരക്കര, പുനലൂർ, പത്തനാപുരം ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ കെടുത്തിയത്. കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.