collage

കുന്നത്തൂർ: ശാസ്താംകോട്ട ഡി.ബി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ വിദ്യാർത്ഥി സംഘർത്തിൽ അറസ്റ്റിലായ ആറ് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരും ആറ് എസ്.എഫ്.ഐ പ്രവർത്തകരും റിമാൻഡിൽ. കെ.എസ്.യു യൂണിയൻ ചെയർമാൻ ആസിഫ് ഷാജഹാൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കല്ലട നിഥിൻ, ജനറൽ സെക്രട്ടറി മഠത്തിൽ അനസ്ഖാൻ, മൈനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് നാദിർഷ കാരൂർക്കടവ്,കെ.എസ്.യു പ്രവർത്തകരായ റിജോ കല്ലട,അബ്ദുള്ള എന്നിവരും എസ്.എഫ്.ഐ, ഡി.വൈ.എഫ്‌.ഐ പ്രവർത്തകരുമായ സൂരജ്, ലീദിൻ, നിഥിൻ ബാബു,അമൽ,അഭിരാം,സുധീന്ദ്രനാഥ് എന്നിവരുമാണ് അറസ്റ്റിലായത്. ഇവരിൽ അധികവും ചവറ സ്വദേശികളാണ്. വെള്ളിയാഴ്ച സി.പി.എം പാർട്ടി ഓഫീസിൽ നിന്ന് നാല് എസ്.എഫ്.ഐ പ്രവർത്തകരെയും ഇന്നലെ മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടുകയായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരം ശാസ്താംകോട്ട പൊലീസ് സ്‌റ്റേഷനിലെത്തി യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കീഴടങ്ങുകയായിരുന്നു.വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 80 ഓളം പേർക്കെതിരെ കേസ്സെടുത്തതായി പൊലീസ് അറിയിച്ചു. ശാസ്താംകോട്ട, ഈസ്റ്റ് കല്ലട, പുത്തൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലെ കേസുകളിൽ 16 പേർ അറസ്റ്റിലായിട്ടുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൊല്ലം റൂറൽ ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും അറസ്റ്റ് തുടരുമെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ, കെ.എസ്.യു ഡി.ബി കോളേജ് യൂണിയൻ സെക്രട്ടറി എം.മുകുന്ദന്റെ പിതാവിനെ മൊഴി എടുക്കാനായി കിക്കേ കല്ലട പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യാൻ നടത്തിയ നീക്കം വിവാദമായി. സംഭവംഅറിഞ്ഞ് സ്റ്റേഷനിലെത്തിയ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഇടപെട്ടാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.