
കൊട്ടാരക്കര: വാളകത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എം.സി റോഡിന്റെ വശത്തായി വാളകം സെന്റ് മേരീസ് ബഥനി സ്കൂളിന് സമീപത്തുള്ള കുരിശടിയുടെ മുന്നിൽ നിന്നാണ് നാല് ദിവസം പ്രായം തോന്നിക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്.
സമീപത്ത് ക്ഷേത്ര ഉത്സവത്തിന് പോയവരാണ് ഇന്നലെ രാത്രി ഏഴരയോടെ കരച്ചിൽകേട്ട് നോക്കിയപ്പോൾ കുഞ്ഞിനെ കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഉടൻ വാളകം പൊലീസ് എയ്ഡ് പോസ്റിൽ വിവരം അറിയിച്ചു. പിങ്ക് പൊലീസും എയ്ഡ് പോസ്റ്റിലെ പൊലീസും ഉടൻ സ്ഥലത്തെത്തി കുഞ്ഞിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നവജാത ശിശുക്കളുടെ ഐ.സി.യുവിലേക്ക് മാറ്റി. ആൺകുഞ്ഞിന് 2 കിലോ 700 ഗ്രാം തൂക്കമുണ്ട്. കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി.