
കൊല്ലം: ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനിയായിരുന്ന കൊല്ലം കിളികൊല്ലൂർ കിലോൻ തറയിൽ ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു.
മാനസിക പ്രശ്നങ്ങളും വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടിവന്നതിലുള്ള ദുഃഖവുമാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് ചെന്നൈ സി.ബി.ഐ കോടതിയിൽ സമർപ്പിച്ച രണ്ടായിരം പേജുള്ള റിപ്പോർട്ടിൽ പറയുന്നത്.
സെൻട്രൽ ക്രൈംബ്രാഞ്ച് അഡിഷണൽ പൊലീസ് കമ്മിഷണർ സി. ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലെ അതേ കണ്ടെത്തലുകളാണ് സി.ബി.ഐയുടെ റിപ്പോർട്ടിലുമുള്ളത്.
2019 നവംബർ 9നാണ് ഹ്യുമാനിറ്റീസ് ഇന്റഗ്രേറ്റഡ് എം.എ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
മൊബൈൽ ഫോണിൽ ആത്മഹത്യാ സന്ദേശം കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെട്ടു. ഇതോടെ അദ്ധ്യാപകർ അടക്കമുള്ളവർ സംശയ നിഴലിലായിരുന്നു.
ചെന്നൈ കോട്ടൂർപുരം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ചെന്നൈ സിറ്റി പൊലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറിയെങ്കിലും മരണം ആത്മഹത്യമാണെന്ന നിലപാട് ആവർത്തിക്കുകയായിരുന്നു.
പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരെ കണ്ട് പിതാവ് ലത്തീഫ് നിവേദനം നൽകിയതിനെ തുടർന്ന് കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം ഫാത്തിമയുടെ വീട്ടിലെത്തി മാതാവിന്റെയും സഹോദരിയുടെയും മൊഴിയെടുത്തിരുന്നു.
""
സി.ബി.ഐ കണ്ടെത്തലിനെതിരെ കോടതിയിൽ ഹർജി നൽകി. സി.ബി.ഐയുടെ മറ്റൊരു സംഘത്തെ കൊണ്ട് വീണ്ടും അന്വേഷിപ്പിക്കണം. മകളുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തണം.
എ. ലത്തീഫ്
ഫാത്തിമയുടെ പിതാവ്