തഴവ: കുലശേഖരപുരം പഞ്ചായത്തിലെ സ്വാഭാവിക നീരൊഴുക്കിന് പ്രാധാന
പങ്കുവഹിച്ചിരുന്ന പന്നിത്തോട് നാശത്തിലായതോടെ പ്രദേശം നേരിടുന്നത് വൻ പാരിസ്ഥിതിക പ്രതിസന്ധി. പഞ്ചായത്തിലെ നീലികുളം, കെ.എസ് പുരം, പഞ്ചായത്ത് സെന്റർ, കോട്ടയ്ക്കു പുറം, ഹൈസ്കൂൾ, വള്ളിക്കാവ് എന്നീ വർഡുകളിൽ നിന്ന് മഴക്കാലത്ത് വെള്ളം ഒഴുകിയിരുന്നത് പന്നിത്തോട് വഴിയായിരുന്നു. തഴത്തോടിനെ കായലുമായി ബന്ധിപ്പിക്കുന്നത് പന്നിത്തോടാണ്.
അതിനാൽ, പന്നിത്തോടിന്റെയും തഴത്തോടിന്റെയും ഇരുവശത്തെയും ഏക്കർ കണക്കിന് വയലുകളിലേയും കൃഷിയിടങ്ങളിലെയും നീരൊഴുക്ക് ക്രമീകരിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിരുന്നത്.
എന്നാൽ, പതിറ്റാണ്ടുകളായി തുടരുന്ന അധികൃതരുടെ അനാസ്ഥയും വ്യാപക കൈയേറ്റവും
പന്നിന്നോടിനെ മൃതാവസ്ഥയിലാക്കി. സംരക്ഷണ ഭിത്തിയില്ലാത്തിടത്ത് മണ്ണിടിഞ്ഞ് വീണും വൻതോതിൽ എക്കൽ അടിഞ്ഞും മാലിന്യം കുന്നുകൂടിയും പല സ്ഥലങ്ങളിലും തോട് ഏതാണ്ട് നികന്ന അവസ്ഥയിലാണ്. ഇതുകാരണം മഴക്കാലത്ത് ചുറ്റുപാടുകളിലെ വീടുകളിലേയ്ക്ക് മാലിന്യം ഉൾപ്പടെ ഒഴുകിയെത്തുന്നത് വലിയ ദുരിതമാണ്.
പന്നിത്തോട് നാശത്തിലേക്ക് നീങ്ങിയതോടെ കുലശേഖരപുരത്ത് തഴത്തോടിന് ഇരുവശത്തുമുണ്ടായിരുന്ന ഏക്കർ കണക്കിന് നെൽകൃഷിയും അനുബന്ധകൃഷികളും വിസ്മൃതിയിലായി. തെങ്ങ് കൃഷി പോലും ഇന്ന് ഏതാണ്ട് അപ്രായോഗികമായ അവസ്ഥയാണ്. തെങ്ങിന്റെ പ്രാരംഭ പരിചരണ കാലത്തുതന്നെ വെള്ളക്കെട്ടിൽ വേര് ചീഞ്ഞുപോകുന്നതായി കർഷകർ പറയുന്നു.
കൃഷിയെമാത്രമല്ല, പ്രദേശത്തെ നൂറ് കണക്കിന് കെട്ടിടങ്ങൾക്കും ദീർഘകാലമുള്ള വെള്ളക്കെട്ട് ഭീഷണിയായിരിക്കുകയാണ്. തഴത്തോട് മുതൽ വള്ളിക്കാവ് ടി.എസ് കനാൽ വരെ നാല് കിലോമീറ്റർ നീളമാണ് പന്നിത്തോടിനുള്ളത്. എക്കലും മാലിന്യവും നീക്കം ചെയ്ത് പാർശ്വഭിത്തി കെട്ടി തോടിനെ പുനരുജ്ജീവിപ്പിക്കാൻ അഞ്ച് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചെറുകിട ജലസേചന പദ്ധതിയിൽ ഉൾപ്പെടുത്തി തോട് സംരക്ഷിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രദേശത്ത് അവശേഷിക്കുന്ന കൃഷിസ്ഥലവും ഉപയോഗശൂന്യമായി തീരുമെന്നാണ് നാട്ടുകാർ പറയുന്നത്.