
കൊല്ലം: ഉൾപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ഗ്രാമവണ്ടി സർവീസിന് മാർഗരേഖയായി. സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന ഗ്രാമീണ സർവീസുകൾക്ക് പരിഹാരമായാണ് ഗ്രാമവണ്ടി.
ഓർഡിനറിയാണ് സർവീസ്. ദിവസം 150 കിലോമീറ്റർ ഓടിക്കാൻ ഡീസലിന് 3325 രൂപ തദ്ദേശസ്ഥാപനം നൽകണം. അവർ പറയുന്ന റൂട്ടിൽ വണ്ടിയോടും. ദൂരത്തിനനുസരിച്ച് തുകയിൽ ഏറ്റക്കുറച്ചിലുണ്ടാകും.
ഡീസൽ ചെലവ് ഒന്നോ, ഒന്നിലധികമോ തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം. ഡീസൽ കെ.എസ്.ആർടി.സി നിറയ്ക്കും. മൂന്ന് മാസത്തെ തുക മുൻകൂർ അടയ്ക്കണം. വളരെ യാത്രാക്ലേശമുള്ള സ്ഥലങ്ങളിൽ നിന്ന് ഗതാഗത സൗകര്യമുള്ളിടത്തേക്ക് ഫീഡർ സർവീസായും പ്രത്യേക റൂട്ടിലൂടെയും വണ്ടിയോടിക്കും. വിദ്യാർത്ഥി കൺസെഷൻ, ഭിന്നശേഷിക്കാരുടെ പാസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാണ്.
മേൽനോട്ടം മാനേജ്മെന്റ് കമ്മിറ്റിക്ക്
തദ്ദേശസ്ഥാപന അദ്ധ്യക്ഷൻ ചെയർമാനായ കമ്മിറ്റിക്കാണ് നടത്തിപ്പ്
ഒന്നിലധികം തദ്ദേശ സ്ഥാപനങ്ങൾ ചേർന്നാണെങ്കിൽ സർവീസ് ആരംഭിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ അദ്ധ്യക്ഷനായിരിക്കും ചെയർമാൻ
അവിടത്തെ സെക്രട്ടറി കമ്മിറ്റി സെക്രട്ടറിയാകും
മറ്റ് അദ്ധ്യക്ഷന്മാർ വൈസ് ചെയർമാന്മാരാകും
തദ്ദേശ സ്ഥാപന സ്ഥിരം സമിതി അദ്ധ്യക്ഷർ, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കെ.എസ്.ആർ.ടി.സി പ്രതിനിധി, സാങ്കേതിക വിദഗ്ദ്ധർ സമിതി അംഗങ്ങൾ
9251 രൂപയാണ് ഒരു ദിവസം (150 കിലോ മീറ്റർ) ഗ്രാമവണ്ടിയുടെ ചെലവ്
3325 രൂപ ഡീസലിനും 3000 രൂപ ശമ്പളവും മറ്റ് ചെലവുകളും
ശമ്പളചെലവ് തദ്ദേശ സ്ഥാപനം വഹിക്കേണ്ട
വൻ കമ്പനികളുടെ സി.എസ്.ആർ ഫണ്ടും സ്പോൺസർഷിപ്പും പ്രയോജനപ്പെടുത്താം.
'തദ്ദേശ സ്ഥാപനങ്ങൾ അടുത്ത സാമ്പത്തിക വർഷ പദ്ധതിയിൽ ഗ്രാമവണ്ടികൾക്ക് തുക വകയിരുത്തണം. സർവീസ് ചെലവ് ലഭിച്ചില്ലെങ്കിൽ ഉടൻ സർവീസ് നിറുത്തും".
- കെ.എസ്.ആർ.ടി.സി, അധികൃതർ