rice

 അരി വില ഒരു രൂപ ഉയർത്തി

കൊല്ലം: മൊത്തവിലയ്ക്കൊപ്പം വൻതുക വർദ്ധിപ്പിച്ച് പലവ്യഞ്ജന ചില്ലറ വിപണിയിൽ വൻകൊള്ള. ആന്ധ്രയിൽ നിന്നുള്ള വിവിധ കമ്പിനികളുടെ അരി, മല്ലി, സവാള, കൊച്ചുള്ളി, വെളുത്തുള്ളി, ശർക്കര തുടങ്ങിയ ഒട്ടുമിക്ക ഇനങ്ങളും യഥാർത്ഥ വിലയേക്കാൾ വൻതുക വർദ്ധിപ്പിച്ചാണd ചില്ലറ വിപണിയിൽ വിൽക്കുന്നത്.

മാസങ്ങളായി സെവൻസ്റ്റാർ ജയ അരിക്ക് കൊല്ലം നഗരത്തിൽ 38 രൂപയായിരുന്നു ചില്ലറ വില. മൊത്തവില 35 രൂപയും. ഒരുമാസം മുമ്പ് ആന്ധ്രയിലെ മില്ലുകൾ ഒറ്റക്കെട്ടായി 50 പൈസ കിലോയ്ക്ക് ഉയർത്തി. ഇതോടെ മൈത്തവില 35.50 രൂപയായും ചില്ലറ വില 38.50 ആയും ഉയർന്നു. ഇതിന് ശേഷം ഇവിടുത്തെ മൊത്ത വിപണിയിൽ ആന്ധ്ര അരിയുടെ വില ഉയർന്നിട്ടില്ല.

എന്നാൽ കഴിഞ്ഞ ദിവസം മുതൽ കൊല്ലം നഗരത്തിലെയും പരിസരങ്ങളിലെയും ചില്ലറ വ്യാപാരികൾ സെവൻ സ്റ്റാർ ജയയുടെ വില 39 രൂപയായി ഉയർത്തി. ആന്ധ്രയിൽ വില ഉയർന്നുവെന്ന നുണയാണ് ഇതിന് കാരണമായി പറയുന്നത്. ആന്ധ്രയിൽ നിന്ന് വരുന്ന മിസ്റ്റർ വൈറ്റ്, കുടുംബശ്രീ അരികളുടെ വിലയും അകാരണമായി 50 പൈസ വീതം ഉയർത്തിയിട്ടുണ്ട്. ആന്ധ്ര അരി 35 രൂപയ്ക്കാണ് മൊത്തവ്യാപാരികൾക്ക് കൊല്ലത്ത് ലഭിക്കുന്നത്. ഇതിൽ 30 പൈസ വീതം കയറ്റിറക്ക് കൂലി ചെലവാകും. 20 പൈസ മാത്രം ലാഭമെടുത്ത് മൊത്തവ്യാപാരികൾ വിൽക്കുമ്പോഴാണ് ചില്ലറ വില്പനക്കാർ ഇല്ലാത്ത വിലക്കയറ്റം സൃഷ്ടിച്ച് കൊള്ളലാഭം കൊയ്യുന്നത്.

വില ഇടിവ് മറച്ച് വിലക്കൂട്ടൽ

1. പല ഇനങ്ങൾക്കും മൊത്തവിപണിയിൽ ഉണ്ടാകുന്ന വില ഇടിവ് ചില്ലറ വിപണിയിൽ പ്രതിഫലിക്കുന്നില്ല

2. ഒരു കിലോ സവാളയുടെ മൊത്ത വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ 45 രൂപയിൽ നിന്ന് 35 ആയി ഇടിഞ്ഞു

3. എന്നിട്ടും 45 രൂപയ്ക്കാണ് പല ഇടങ്ങളിലും വിൽക്കുന്നത്

4. കൊച്ചുള്ളിയുടെ മൊത്ത വില 35 ആയി ഇടിഞ്ഞപ്പോൾ 50 രൂപയാണ് ചില്ലറ വില

5. ചില്ലറ വ്യാപാരികൾ സംഘടിതമായി വിലകൂട്ടി വിൽക്കുന്നു

6. പരിശോധനകൾ ശക്തമല്ലാത്തതിനാൽ സാധാരണക്കാരെ കൊള്ളയടിക്കുന്നു

ഇനം, മൊത്തവില, കൊല്ലം നഗരത്തിലെ ചില്ലറ വില

സെവൻസ്റ്റാർ ജയ - ₹ 35.50 - 39

ആന്ധ്ര മിസ്റ്റർ വൈറ്റ് അരി - ₹ 35.20 - 38

കൊച്ചുള്ളി - ₹ 35, 50

സവാള - ₹ 35, 45

മല്ലി - ₹115, 130

ശർക്കര - ₹ 43, 55

വെളുത്തുള്ളി (ചെറുത്) - ₹ 112, 120

""

മൊത്തവില കുറഞ്ഞുനിൽക്കുമ്പോഴും ചില്ലറ വിപണയിൽ തീവിലയാണ് ഈടാക്കുന്നത്. പരിശോധന ശക്തമാക്കി കുറ്റക്കാരെ ശിക്ഷിക്കണം.

മൊത്ത വ്യാപാരികൾ