vakkanadu
അനന്തമായി നീളുന്ന വാക്കനാട് ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ കെട്ടിട നിർമ്മാണം

കൊട്ടാരക്കര: കരീപ്ര പഞ്ചായത്തിലെ വാക്കനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി രണ്ടുകോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ഇഴയുന്നു. പാറപ്പെടിയും മണ്ണും കമ്പിയും സിമന്റും നിറഞ്ഞ സ്കൂൾ മുറ്റം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

മണ്ണും പൊടിയും നിറഞ്ഞ മുറ്റത്തേക്ക് കുട്ടികളെ വിടാൻ രക്ഷിതാക്കൾ മടിക്കുന്നു. പൊടികാരണം ആസ്‌ത്മയും മറ്റും രോഗങ്ങളും കുഞ്ഞുങ്ങളെ ബാധിക്കുമെന്ന ഭീതിയിലാണ് രക്ഷിതാക്കൾ. വാക്കനാട് സ്കൂളിനൊപ്പം ടെണ്ടർ നൽകിയ മറ്റുസ്‌കൂളുകളുടെ നിർമ്മാണം പൂർത്തിയായി ക്ളാസും തുടങ്ങി. എന്നാൽ, വാക്കനാട് സ്കൂളിലെ നിർമ്മാണം ഇരുപതു ശതമാനം പോലും ആയിട്ടില്ല. മിക്ക ദിവസങ്ങളിലും രണ്ടും മൂന്നും അന്യസംസ്ഥാനത്തൊഴിലാളികൾ മാത്രമാണ് ഇവിടെ പണിക്ക് വരുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.പി.ടി.എ കമ്മിറ്റിയും നാട്ടുകാരും ഇതിനെതിരെ പരാതിയുമായി രംഗത്തെത്തി.

2021 സെപ്തംബറിൽ പൂർത്തിയാക്കണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പണിതുടങ്ങിയത്.

എന്നാൽ, അത് എന്നത്തേയ്ക്ക് പൂർത്തിയാകുമെന്ന് പോലും അറിയാതെ അനന്തമായി നീളുകയാണ്. രണ്ടു കോടി രൂപ അടങ്കൽ തുകയുള്ള നിർമ്മാണ ജോലികൾ കരാറുകാരൻ ഒന്നരകോടിക്കാണ് ഏറ്റെടുത്തത്. ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് സ്കൂൾ കെട്ടിട നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.