ഓച്ചിറ: അമ്പത് ദിവസം പൂർത്തിയായ 'വിശപ്പ് രഹിത ആലുംപീടിക' പദ്ധതിയിൽ എല്ലാ ദിവസവും തന്നാൽ ആവുംവിധം പങ്കാളിയായി സോഫി ശ്രദ്ധേയയാകുന്നു. കടലോര ഗ്രാമമായ ആലുംപീടികയിലെ ഒരുകൂട്ടം ഓട്ടോറിക്ഷ തൊഴിലാളികൾ മുൻകൈയെടുത്ത് നടപ്പിലാക്കിയ പദ്ധതിയാണ് 'വിശപ്പ് രഹിത ആലുംപീടിക'. പണമില്ലാത്തതിനാൽ പട്ടിണി അനുഭവിക്കുന്നവർക്ക് അലമാരയിൽ നിന്ന് ഭക്ഷണമെടുത്ത് കഴിക്കാം. സന്മനസുകളുടെ പിന്തുണയിലാണ് ദിവസവും ഭക്ഷണഅലമാര നിറയുന്നത്.
എന്നാൽ, വ്യത്യസ്തമായ രീതിയിലാണ് ആലുംപീടിക സ്വദേശിനി സോഫി പദ്ധതിയുമായി സഹകരിക്കുന്നത്. കഴിഞ്ഞ അമ്പത് ദിവസവും സോഫി രാവിലെയും ഉച്ചയ്ക്കും ഭക്ഷണപ്പൊതികൾ അലമാരയിൽ വയ്ക്കുന്നുണ്ട്. എല്ലാ ദിവസവും തന്റെ വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങളുടെ ഒരു പങ്കാണ് സഹജീവികൾക്കായി സോഫി ഇത്തരത്തിൽ പങ്കുവയ്ക്കുന്നത്.
ക്ലാപ്പന ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ പടന്ന കുന്നേൽ വീട്ടിലാണ് സോഫിയുടെ താമസം. സോഫി ഒരു ബ്യൂട്ടീഷ്യ കൂടിയാണ്. ഭർത്താവ് ടെറൻസ് പെയിന്റിംഗ് തൊഴിലാളിയാണ്. ഇവർക്ക് മൂന്ന് കുട്ടികൾ.
'വിശപ്പ് രഹിത ആലുംപീടിക' അമ്പത് ദിവസം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടന്ന മധുരവിതരണത്തിന് രക്ഷാധികാരി ജി. പത്മകുമാർ, സന്നദ്ധ പ്രവർത്തകരായ ഷാജി, സോനു മങ്കടതറയിൽ, അനിൽ, കുഞ്ഞുമോൻ, വേണു, പ്രശോഭൻ, രവി, ഇത്താപി, അനീഷ്, രാജു, രഞ്ജിത് തുടങ്ങിയവർ നേതൃത്വം നൽകി.