കൊല്ലം: ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായുള്ള പോരാട്ടങ്ങളുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും കേന്ദ്രമായിരുന്ന പീരങ്കി മൈതാനം കോൺക്രീറ്റ് കൂടാരമാക്കുന്നതിനെതിരെ സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തി. ഇവി​ടെ കളക്ടറേറ്റ് അനക്സ് നിർമ്മിക്കാനുള്ള തീരുമാനം രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും ഉദ്യോഗസ്ഥരുടേതാണെന്നും ഇരുപാർട്ടികളുടെയും നേതാക്കൾ വ്യക്തമാക്കി.

ഇന്ന് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ജില്ല സെന്റർ യോഗങ്ങൾ ഈ വിഷയം ചർച്ച ചെയ്യാനായി ചേരും. അതിന് ശേഷം ഇരുപാർട്ടികളും ഔദ്യോഗികമായി നിലപാട് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കും. സമാനമായ കാര്യങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം പാർട്ടിതലത്തിൽ നൽകാനും സാദ്ധ്യതയുണ്ട്.

 സി.പി.എം.- സി.പി.ഐ ചർച്ച ഇന്ന്

പീരങ്കി മൈതാനത്ത് കളക്ടറേറ്റ് അനക്സ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം, സി.പി.ഐ നേതാക്കൾ ഇന്നു ചർച്ച നടത്തും. ഇരുകൂട്ടരും പദ്ധതിക്ക് എതിരായ സാഹചര്യത്തിൽ അനക്സ് നിർമ്മാണത്തിന് മറ്റൊരു സ്ഥലം കണ്ടെത്താൻ സർക്കാരിനോട് ആവശ്യപ്പെടാനാണ് സാദ്ധ്യത.

 ആരുടെ നിർദ്ദേശം?

കളക്ടറേറ്റ് അനക്സ് നിർമ്മാണത്തിന് പീരങ്കി മൈതാനം നിർദ്ദേശിച്ചത് ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവം വിവാദമായ സാഹചര്യത്തിൽ തീരുമാനം എടുത്തത് ആരെന്ന അന്വേഷണം റവന്യു വകുപ്പിൽ ആരംഭിച്ചു. ഏതെങ്കിലും പദ്ധതികൾക്ക് സ്ഥലം ആവശ്യമായി വരുമ്പോൾ അത് കണ്ടെത്താൻ താലൂക്ക് ഓഫീസിനോട് ആവശ്യപ്പെടുന്നതാണ് പതിവ്. എന്നാൽ അനക്സിന്റെ കാര്യത്തിൽ കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ തന്നെ സ്ഥലം തീരുമാനിക്കുകയായിരുന്നു. പിന്നീട് ഈ സ്ഥലത്തിന്റെ വിശദവിവരങ്ങൾ മാത്രമാണ് താലൂക്ക് ഓഫീസിൽ ആവശ്യപ്പെട്ടത്. ഒന്നരവർഷം മുൻപ് സ്ഥലം നിശ്ചയിച്ചുവെന്നാണ് ഏകദേശ വിവരം.

ചരിത്രത്തിന്റെ ഭാഗമായ പീരങ്കി മൈതാനം സംരക്ഷിക്കപ്പെടണം. പൊതുപരിപാടികൾ സംഘടിപ്പിക്കാനും ജനങ്ങൾക്ക് ഒത്തുകൂടാനുമുള്ള ഇടമായി നിലനിൽക്കണം. ഇവിടെ കളക്ടറേറ്റ് അനക്സ് നിർമ്മിക്കുന്നതിനോട് യോജിപ്പില്ല

എസ്. സുദേവൻ (സി.പി.എം ജില്ല സെക്രട്ടറി)

കൊല്ലത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന സ്ഥലത്ത് കളക്ടറേറ്റ് അനക്സ് അടക്കമുള്ള നിർമ്മാണ പ്രവൃത്തികൾ ആലോചിക്കുന്നത് ശരിയല്ല. അഷ്ടമുടിക്കായൽ, ആശ്രാമം മൈതാനം തുടങ്ങിയവ പോലെയാണ് കൊല്ലത്തിന് പീരങ്കി മൈതാനം. ഇവയെല്ലാം കൊല്ലത്തിന്റെ അടയാളങ്ങളാണ്. ഇതെല്ലാം ചേർന്നാണ് കൊല്ലം രൂപപ്പെടുത്തിയത്. ഏതെങ്കിലും ഉദ്യോഗസ്ഥൻ നൽകി​യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെയുള്ള തീരുമാനങ്ങൾ ഉണ്ടാകരുത്

മുല്ലക്കര രത്നാകരൻ (സി.പി.ഐ ജില്ല സെക്രട്ടറി)