road

 കരാറുകാരന് ലഭിക്കാനുള്ളത്

10 വർഷം മുമ്പത്തെ പണം

കൊല്ലം: ഹൈക്കോടതി ഉത്തരവുകൾക്ക് പുല്ലുവില കല്പിച്ച് കൊല്ലം കോർപ്പറേഷൻ അധികൃതർ. കൊല്ലം മുനീശ്വരൻ കോവിൽ - കപ്പലണ്ടി മുക്ക് റോഡ് നാലുവരിയാക്കി വികസിപ്പിച്ച കെ. ലക്ഷ്മണൻ ആൻഡ് കമ്പിനിക്ക് നൽകാനുള്ള തുകയുടെ ഒരുഭാഗമായ 1.21 കോടി കൊടുക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും രണ്ട് തുടർ ഉത്തരവുകളും കോർപ്പറേഷൻ അധികൃതർ ചവറ്റുകുട്ടയിലെറിഞ്ഞു.

കോടതി ഉത്തരവ് നടപ്പാക്കാൻ മേയർ സന്നദ്ധയാണെങ്കിലും സെക്രട്ടറിയും സൂപ്രണ്ടിംഗ് എൻജിനിയറും തടസവാദങ്ങൾ ഉന്നയിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയം അജണ്ടയാക്കിയെങ്കിലും മാറ്രിവച്ചു.

2011ലാണ് കെ. ലക്ഷ്മണൻ ആൻഡ് കമ്പിനി കരാർ ഏറ്റെടുത്തത്. കരാർ നടപടികൾ പൂർത്തിയായിട്ടും റോഡ് വീതികൂട്ടാനുള്ള സ്ഥലം ഏറ്റെടുക്കൽ നഗരസഭ ആരംഭിച്ചില്ല. അങ്ങനെ പത്ത് മാസത്തോളം നിർമ്മാണം സ്തംഭിച്ചു. ഇത്രയും കാലം കരാറുകാരന്റെ കോടികൾ വിലയുള്ള ഉപകരണങ്ങൾ നിഷ്ക്രിയമായി കിടന്നു. നഗരസഭാ അധികൃതരുടെ വീഴ്ച കാരണം കരാറുകാരന് ഈയിനത്തിലുണ്ടായ 1.21 കോടി രൂപയുടെ അധിക ചെലവ് നൽകാൻ നഗരസഭ തയ്യാറായില്ല.

ഇതോടെ കരാറുകാരൻ 2013 ഫെബ്രുവരിയിൽ നിർവഹണ ഏജൻസിയായ കെ.എസ്.യു.ഡി.പിയെ സമീപിച്ചു. കരാറുകാരന്റെ വാദങ്ങൾ ശരിയാണെന്നും പണം നൽകണമെന്നും കെ.എസ്.യു.ഡി.പി നഗരസഭയോട് ആവശ്യപ്പെട്ടു. പക്ഷെ കരാറുകാരൻ ഏഴ് വർഷം കയറിയിറങ്ങിയിട്ടും നഗരസഭ അധികൃതർ അനങ്ങിയില്ല.

കോടതിയെ കബളിപ്പിച്ച് നാടകങ്ങൾ

1. കരാറുകാരൻ 2020 മാർച്ചിൽ ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് മാസത്തിനുള്ളിൽ തീർപ്പുണ്ടാക്കാൻ കോടതി ഉത്തരവിട്ടു

2. ഉത്തരവ് പാലിക്കാൻ ശ്രമിക്കുന്നതായുള്ള ചില നാടകങ്ങൾ നടത്തിയതല്ലാതെ ഉദ്യോഗസ്ഥർ പണം നൽകിയില്ല

3. തുടർന്ന് നടപടികൾ വ്യക്തമാക്കാനും വീഴ്ചയുണ്ടായാൽ സെക്രട്ടറി നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു. എന്നിട്ടും ഉദ്യോഗസ്ഥർ കുലുങ്ങിയില്ല

4. അന്തിമ ബിൽ നൽകുന്നതിൽ കാലതാമസം വരുത്തരുതെന്നും അതിനുള്ള തീരുമാനം മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാകണമെന്നും 2021 ജനുവരി 15ന് ഉത്തരവിട്ടു. വിഷയം പരിശോധിക്കാൻ സബ് കമ്മിറ്റിയെ നിയോഗിച്ചു

5. മേയർ അടക്കമുള്ള സബ് കമ്മിറ്റി അംഗങ്ങൾ പണം നൽകണമെന്ന നിലപാട് സ്വീകരിച്ചിട്ടും സെക്രട്ടറിയും സൂപ്രണ്ടിംഗ് എൻജിനിയറും വിജയോജിപ്പ് പ്രകടിപ്പിച്ചു

6. കരാറുകാരൻ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തെങ്കിലും ഉദ്യോഗസ്ഥർ പണം നൽകിയില്ല

7. കെ.എസ്.യു.ഡി.പി പണം നൽകാൻ നിർദ്ദേശിച്ച സാഹചര്യത്തിൽ നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തേണ്ട കാര്യമില്ല

സ്ഥലം ഏറ്റെടുത്തതും കരാറുകാരൻ

പലയിടങ്ങളിലും രണ്ട് മീറ്റർ വീതം ഏറ്റെടുത്താണ് ഇരുവശങ്ങളിലും നടപ്പാത സഹിതം റോഡ് നാലുവരിയായി വികസിപ്പിച്ചത്. സ്ഥലമേറ്റെടുക്കൽ കോർപ്പറേഷൻ വൈകിപ്പിച്ചതിനാൽ കരാറുകാരൻ മന്നേകാൽ കോടിയോളം സ്വന്തം പോക്കറ്റിൽ നിന്ന് ചെലവാക്കിയാണ് സ്ഥലമേറ്റെടുത്തത്. പൊളിച്ചുനീക്കിയ മതിലുകളും ക്ഷേത്രങ്ങളും കരാറുകാരൻ തന്നെയാണ് പുനർനിർമ്മിച്ചത്. ഈ ഇനത്തിലെ തുകയും നഗരസഭ നൽകിയിട്ടില്ല.

""

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറയുമ്പോഴും വ്യവസായികളെ ശത്രുക്കളായാണ് ഉദ്യോഗസ്ഥർ കാണുന്നത്. കൈക്കൂലി നൽകിയിരുന്നെങ്കിൽ പത്തുവർഷം മുമ്പേ പണം ലഭിക്കുമായിരുന്നു. കൈക്കൂലി നൽകാൻ തയ്യാറല്ല.

ആക്കാവിള സതീക്ക്

കരാറുകാരൻ