
കൊല്ലം: ദേശീയപാതയിൽ നീണ്ടകര പരിമണം ജംഗ്ഷന് സമീപം അമിത വേഗതയിലെത്തിയ ലോറിയിടിച്ച് നൂറ് മീറ്രറോളം ദൂരേക്ക് തെറിച്ച കാർ താഴ്ചയിലേക്ക് പതിച്ചു. കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. വർക്കല അയിരൂർ സ്വദേശികളായ ഷിബു, ബിജോയി എന്നിവരുടെ പരിക്ക് ഗുരുതരമാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ചിന്നക്കടയിൽ നിന്ന് വാഴക്കുലയുമായി പോയ ലോറിയും കരുനാഗപ്പള്ളി ഭാഗത്ത് നിന്ന് വർക്കലയിലേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും ഹൈവേ പൊലീസും കാറ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഇവരെ ഉടൻ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ പൂർണമായും ലോറിയുടെ മുൻ ഭാഗവും തകർന്നു. റോഡിൽ വീണ ഓയിൽ ചവറയിൽ നിന്നെത്തിയ അഗ്‌നിശമന സേന കഴുകിക്കളഞ്ഞു. ദേശീയപാതയിൽ മുക്കാൽ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പൊലീസിന്റെ റിക്കവറി വാഹനം ഉപയോഗിച്ച് ലോറി മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.