kunnathoor
ഡി.വൈ.എഫ്.ഐ,​ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച കെ. എസ്. യു പ്രവർത്തകൻ അബ്ദുള്ളയുടെ വീട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തിയപ്പോൾ

കുന്നത്തൂർ : പൊലീസിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായും സി.പി.എം ആജ്ഞയനുസരിച്ചാണ് അവർ പ്രവർത്തിക്കുന്നതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ സംഘർഷത്തെത്തുടർന്ന് ഡി.വൈ.എഫ്.ഐ,​ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച കോൺഗ്രസ്,​ യൂത്ത് കോൺഗ്രസ്,​ കെ.എസ്.യു നേതാക്കളുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദിനെയും മകനെയും വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റിന് പോലും നീതി ലഭിക്കുന്നില്ല. എന്നാൽ നിരപരാധികളായ യൂത്ത് കോൺഗ്രസ്,​ കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യം പോലും കിട്ടാത്ത തരത്തിലാണ് ജയിലിൽ അടച്ചിരിക്കുന്നത്. നീതിയും നിയമവും എല്ലാവർക്കും തുല്യമായി നടപ്പാക്കേണ്ട പൊലീസ് ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണമെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ കോൺഗ്രസ് ശക്തമായി നേരിടുമെന്നും ഉമ്മൻ ചാണ്ടി മുന്നറിയിപ്പ് നൽകി. റിമാൻഡിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകൻ അബ്ദുള്ളയ്ക്ക് വീട് വച്ചു നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കെ.എസ്.യു പ്രവർത്തകൻ അബ്ദുള്ള, മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് എന്നിവരുടെ വീടുകളാണ് ഉമ്മൻ ചാണ്ടി സന്ദർശിച്ചത്. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,പി.സി. വിഷ്ണുനാഥ് എം.എൽ.എ,അഡ്വ.ഷാനവാസ്ഖാൻ,തൊടിയൂർ രാമചന്ദ്രൻ,പി.ജർമിയാസ്, വൈ.ഷാജഹാൻ,കല്ലട ഗിരീഷ്,രവി മൈനാഗപ്പളളി,തുണ്ടിൽ നൗഷാദ്,കെ.സുകുമാരൻ നായർ,ഗോകുലം അനിൽ, അഡ്വ.സുധീർ ജേക്കബ്, ഉല്ലാസ് കോവൂർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ്,​ കെ.എസ്.യു നേതാക്കളെയും അദ്ദേഹം സന്ദർശിച്ചു.