കൊല്ലം: വടക്കേവിള വലിയകൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം 26ന് കൊടിയേറി മാർച്ച് 7ന് ആറാട്ടോടുകൂടി സമാപിക്കും. 26ന് രാവിലെ 7നും 7.35 നും മദ്ധ്യേ ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാലിന്റെയും മേൽശാന്തി സജീവിന്റെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് . തുടർന്ന് കാപ്പ്കൊട്ടി തോറ്റംപാട്ട്. ദിവസവും ക്ഷേത്രാചാര പൂജകൾക്ക് പുറമേ തോറ്റംപാട്ട്, വിളക്കെഴുന്നള്ളത്ത്, മംഗളപൂജ, വട്ടിപടുക്ക, തിരുമുമ്പിൽ പറസമർപ്പണം എന്നിവ ഉണ്ടായിരിക്കും. മാർച്ച് 1ന് രാവിലെ 10ന് കാര്യസിദ്ധിപൂജ, 11ന് കുങ്കുമാഭിഷേകം, രാത്രി 10 മുതൽ ശിവരാത്രി വ്രതം. പത്താം ഉത്സവ ദിവസമായ മാർച്ച് 7ന് രാത്രി 10 മുതൽ ആറാട്ടുബലി, ആറാട്ടെഴുന്നള്ളത്ത്, കൊടിയിറക്കം, വടക്കുംപുറത്ത് ഗുരുതി എന്നിവ നടക്കും.
ചന്ദ്രപ്പൊങ്കൽ പണ്ടാര അടുപ്പിൽ മാത്രം
മാർച്ച് 4ന് വെള്ളിയാഴ്ചയാണ് ചന്ദ്രപ്പൊങ്കൽ. നിലവിലെ സാഹചര്യത്തിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല സമർപ്പണമെന്ന് സെക്രട്ടറി എ. അനീഷ്‌കുമാർ അറിയിച്ചു. ഭക്തജനങ്ങൾക്ക് പണ്ടാര അടുപ്പിലേക്കുള്ള പൊങ്കലിന് ആവശ്യമായ സാധനങ്ങൾ രസീത് എഴുതി സമർപ്പിക്കാം.