കൊല്ലം: സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ കൊമേഴ്സ്യൽ, ട്രാഫിക് ഡിപ്പാർട്ട്മെന്റുകളിൽ നടക്കുന്ന പീരിയോഡിക് സ്ഥലം മാറ്റത്തിൽ എസ്.ആർ.എം.യു യൂണിയനും ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നുവെന്നാരോപിച്ച് എസ്.ആർ.ഇ.എസ് നേതൃത്വത്തിൽ തിരുവനന്തപുരം ഡി.ആർ.എം ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
തിരക്കുള്ള കന്യാകുമാരി, കൊല്ലം, തിരുവനന്തപുരം, കായംകുളം, ആലപ്പുഴ, എറണാകുളം തുടങ്ങിയ സ്റ്റേഷനുകളിൽ സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്ന കൗണ്ടറുകളിൽ ആളെ കുറച്ചും തീരെ തിരക്ക് കുറഞ്ഞ ഇടപ്പള്ളി പോലുള്ള സ്റ്റേഷനുകളിൽ ആളെകൂട്ടിയും ഇഷ്ടക്കാർക്ക് വീടിനടുത്ത് ജോലി ചെയ്യാനവസരം ഉണ്ടാക്കിക്കൊടുക്കലാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ഡിവിഷണൽ സെക്രട്ടറി എൻ.ചന്ദ്രലാൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡിവിഷണൽ പ്രസിഡന്റ് കെ.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ മനു തോമസ്, ബിനു, ബാലാജി, തയ്യൂബ്, ജലീഷ് തുടങ്ങിയവർ സംസാരിച്ചു.