
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ലോഗോയുടെ പ്രകാശനത്തിന് മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് രണ്ടരമാസം പിന്നിടുന്നു. പുതിയ ലോഗോ സർവകലാശാല സിൻഡിക്കേറ്റ് അംഗീകരിച്ചെങ്കിലും പ്രകാശനം ചെയ്യാത്തതിനാൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.
നവംബർ 25നാണ് അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായുള്ള വിദഗ്ദ്ധ സമിതി ഗുരുദേവന്റെ രേഖാ ചിത്രമുള്ള പുതിയ ലോഗോ തിരഞ്ഞെടുത്ത് സർവകലാശാല അധികൃതർക്ക് കൈമാറിയത്. രണ്ടാഴ്ചയ്ക്ക് ശേഷം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം ലോഗോ അംഗീകരിച്ച് മുഖ്യമന്ത്രിയെ കൊണ്ട് പ്രകാശനം ചെയ്യിക്കാൻ തീരുമാനിച്ചു. അന്ന് മുതൽ സർവകലാശാല അധികൃതർ മുഖ്യമന്ത്രിയുടെ തീയതിക്കായി കാത്തിരിക്കുകയാണ്. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി നിയമസഭാ സമ്മേളനത്തിന്റെ തിരക്കിലേക്ക് പോയി. ഇതിനിടയിൽ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ലോഗോ പ്രകാശനം സംഘടിപ്പിക്കാൻ പോലും സർവകലാശാല അധികൃതർ തയ്യാറാകുന്നില്ല.
സർവകലാശാലയുടെ കത്തിടപാടുകൾക്ക് ലോഗോയില്ലാത്ത ലെറ്റർപാഡാണ് ഉപയോഗിക്കുന്നത്. സർവകലാശാല ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ലോഗോയില്ലാത്ത സർട്ടിഫിക്കറ്റ് നൽകേണ്ട അവസ്ഥയാണ്.
വിവാദത്തിൽ തെറിച്ച് ആദ്യ ലോഗോ
1. തിരഞ്ഞെടുത്ത ആദ്യ ലോഗോയിൽ ഗുരുദേവ സാന്നിദ്ധ്യമില്ലാത്തതിനെതിരെ വിമർശനം
2. പ്രതിഷേധം ശക്തമായതോടെ ലോഗോ പിൻവലിച്ചു
3. പുതിയത് തിരഞ്ഞെടുക്കാൻ വിദഗ്ദ്ധ സമിതിയെ സർവകലാശാല നിയോഗിച്ചു
4. അദ്യഘട്ടത്തിൽ ലഭിച്ച എൻട്രികളും തിരുവനന്തപുരം ആർട്സ് കോളേജ് വിദ്യാർത്ഥികൾക്ക് അസൈൻമെന്റും നൽകി
5. വിദഗ്ദ്ധ സമിതി പരിശോധിച്ച് അന്തിമ ലോഗോ തിരഞ്ഞെടുത്തു
""
പുതിയ ലോഗോയിൽ ഗുരുദേവന്റെ രേഖാചിത്രത്തോടൊപ്പം വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ഗുരുദേവ സന്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്.
സർവകലാശാല അധികൃതർ