xm
പാവുമ്പ മണപ്പള്ളി കിഴക്ക് നാലുവിള ജംഗ്ഷൻ റോഡിൽ അനധികൃതമായി നെൽവയൽ നികത്തുവാനിറക്കിയ ഗ്രാവിൽ പാവുമ്പ വില്ലേജ് ഓഫീസർ വി.ടി ശ്രീജിത് തിരിച്ച് കോരി മാറ്റിയ്ക്കുന്നു.

തഴവ: വേനൽ ആരംഭിച്ചതോടെ തഴവ, കുലശേഖരപുരം പഞ്ചായത്തുകളിൽ അനധികൃത നെൽവയൽ നികത്തൽ വ്യാപകമായി. നിലവിൽ കൃഷിയ്ക്ക് ഉപയോഗിക്കാതെ തരിശിട്ടിരിക്കുന്ന വയലുകളാണ് വിവിധ ഇsനിലക്കാരുടെ സഹായത്തോടെ നികത്തുന്നത്. പഞ്ചായത്തുകളിലെ വിസ്തൃതമായ പല പാടശേഖരങ്ങളുടെയും റോഡിനോട് ചേർന്നുള്ള ഭാഗം നികത്തിയെടുത്ത് മറിച്ച് വിറ്റതാണ് ഏക്കർകണക്കിന് നെൽവയലുകൾ ഇപ്പോൾ ഉപയോഗശൂന്യമായതിന് പിന്നിൽ.

നിയമങ്ങൾ കാറ്റിൽ പറത്തി

കർശന നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് പലരും നിലംനികത്തൽ തുടരുന്നത്. കഴിഞ്ഞ ദിവസം പാവുമ്പ മണപ്പള്ളി കിഴക്ക് നാലുവിള ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തി അനധികൃതമായി വയൽ നികത്തിയെങ്കിലും പാവുമ്പ വില്ലേജ് ഓഫീസറെത്തി നികത്തിയ മണ്ണ് തിരിച്ചെടുപ്പിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കടൂരയ്യത്ത് ഇസ്മയിൽ കുഞ്ഞിന്റെ മക്കളായ അൻഷാദ്, അജ്മൽ എന്നിവരുടെ പേരിൽ കേസെടുത്തു.

കെട്ടിടാവശിഷ്ടങ്ങളും വയലുകളിൽ

ദേശീയപാത വികസനത്തിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്ത സ്ഥലങ്ങളിലെ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങൾ വിലയ്ക്കെടുത്ത് പൊളിച്ച ശേഷം കെട്ടിടാവശിഷ്ടങ്ങൾ രാത്രിയിൽ വയലുകളിൽ തള്ളുന്നതായും പരാതിയുണ്ട്. കോൺക്രീറ്റ് അവശിഷ്ടങ്ങൾ കുഴിച്ച് മൂടുന്നത് മണ്ണിന്റെ ഘടനയെയും സ്വാഭാവിക നീർവാർച്ചയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കെട്ടിടാവശിഷ്ടങ്ങൾ ശാസ്ത്രീയമായി ക്രഷ് ചെയ്ത് റോഡിന്റെ അടിത്തറ ബലപ്പെടുത്തുവാൻ ഉപയോഗിക്കുവാനോ, രാത്രിയിൽ മാഫിയ സംഘങ്ങൾ അവശിഷ്ടങ്ങൾ കടത്തിക്കൊണ്ടു പോകുന്നത് നിയന്ത്രിക്കുവാനോ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.