
അനുമതി ലഭിച്ചാൻ ടെണ്ടറിലേക്ക്
കൊല്ലം: മൺറോത്തുരുത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനത്തിലേക്കുള്ള യാത്ര സുഗമമാക്കുന്ന പെരിങ്ങാലം- കൊന്നയിൽകടവ് പാലത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകാരത്തിനായി കിഫ്ബിക്ക് അയച്ചു.
അനുമതി ലഭിച്ചാൽ ടെണ്ടർ നടപടികൾ ആരംഭിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരൻ 2018ൽ ഉദ്ഘാടനം ചെയ്ത, പാലത്തിന്റെ നിർമ്മാണ ജോലികൾ തടസങ്ങളിൽ കുരുങ്ങി അനിശ്ചിതമായി നീളുകയായിരുന്നു. നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ നേരിട്ട ബുദ്ധിമുട്ടാണ് വലിയ കുരുക്കായത്. ഇവ ഇറക്കാൻ യാർഡ് നിർമ്മിക്കുന്നതിന് മണ്ണ് എത്തിക്കാനുള്ള നീക്കം റെയിൽവേ തടഞ്ഞു. റെയിൽ പാലത്തിനടിയിലൂടെ മണ്ണ് കൊണ്ടു വരുന്നത്. പാലത്തിനും റെയിൽവേ ട്രാക്കിനും ബലക്ഷയം ഉണ്ടാക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി റെയിൽവേ സ്റ്റോപ്പ് മെമ്മോ നൽകി. ജി. സുധാകരന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ഒരു ലോഡിൽ നാല് മെട്രിക് ടണ്ണിൽ കവിയാത്ത സാധനങ്ങൾ കൊണ്ടുവരാൻ അനുമതി നൽകിയെങ്കിലും കറാറുകാരന് വിയോജിപ്പായിരുന്നു.
പുതുക്കിയ എസ്റ്റിമേറ്റിലും തടസങ്ങൾ
കണ്ണങ്കാട്ട് ഭാഗത്ത് യാർഡ് നിർമ്മിച്ച് ജങ്കാർ വഴി നിർമ്മാണ സാമഗ്രികൾ എത്തിക്കുന്ന വിധം എസ്റ്റിമേറ്റ് പുതുക്കിയെങ്കിലും തടസങ്ങൾ ഒഴിഞ്ഞില്ല. റെയിൽ പാലത്തിനടിയിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകാത്തതിനാൽ റോഡ് താഴ്ത്തി നിർമ്മിക്കാൻ ശ്രമിച്ചെങ്കിലും ചെളി കാരണം അതും ഉപേക്ഷിച്ചു. ഇതോടെ കരാറുകാരനും ജോലി ഉപേക്ഷിച്ചു. മറ്റ് വഴികളെല്ലാം അടഞ്ഞപ്പോഴാണ് അഷ്ടമുടിയിൽ പ്ളാന്റ് സ്ഥാപിച്ച് ജങ്കാർ വഴി നിർമ്മാണ സാമഗ്രികൾ കൊന്നയിൽ കടവിൽ എത്തിച്ച് പാലം നിർമ്മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചത്.
നാട്ടുകാരുടെ ചിരകാല സ്വപ്നം
1. മൺറോത്തുരുത്തിനെ പെരിങ്ങാലം സ്കൂളുമായി ബന്ധിപ്പിക്കുന്ന ഏകമാർഗം
2. പെരിങ്ങാലത്തെ നാനൂറോളം കുടുംബങ്ങൾക്ക് ആശ്രയം
3. നടപ്പാലം 92ലെ പ്രളയത്തിൽ ഒഴുകിപ്പോയി
4. ഇപ്പോൾ യാത്ര കടത്തുതോണിയെ ആശ്രയിച്ചും നടന്നും
പാലത്തിന്റെ നീളം - 130 മീറ്റർ
ആദ്യ എസ്റ്റിമേറ്റ് ₹ 28.04 കോടി
പുതുക്കിയ തുക ₹ 34 കോടി
""
നാട്ടുകാരുടെ ആശ്രയമായിരുന്ന നടപ്പാലം ഒഴുകിപ്പോയതോടെ ദുരിതം ഇരട്ടിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് ഉടൻ പാലം നിർമ്മാണം ആരംഭിക്കണം.
പ്രദേശവാസികൾ