
കൊല്ലം: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ (യു.പി.എസ്.സി) ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ ജൂൺ 5ന് നടക്കും. സിവിൽ സർവീസസ് പരീക്ഷ, ഫോറസ്റ്റ് സർവീസ് പരീക്ഷ എന്നിവയ്ക്ക് പൊതുവായ അപേക്ഷയാണ്.
രണ്ട് സർവീസിലേക്കും ഒരുമിച്ച് അപേക്ഷിക്കുന്നവർ ഒരു അപേക്ഷ സമർപ്പിച്ചാൽ മതി. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ ജയിക്കുന്നവർക്ക് മാത്രമേ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ. അനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി ഇവയിൽ ഏതെങ്കിലുമൊരു വിഷയം ഉൾപ്പെടുന്ന ബിരുദം അല്ലെങ്കിൽ അഗ്രിക്കൾച്ചർ, ഫോറസ്ട്രി, എൻജിനിയറിംഗ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അവസാന വർഷ വിദ്യാർത്ഥികളെയും പരിഗണിക്കുമെങ്കിലും മെയിൻ പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവും ഹാജരാക്കണം. അപേക്ഷാഫീസ് 100 രൂപ. ഓൺലൈനായും എസ്.ബി.ഐ ശാഖകളിലും പണമടയ്ക്കാം. സ്ത്രീകൾ, പട്ടികവിഭാഗക്കാർ, അംഗപരിമിതർ എന്നിവർക്ക് ഫീസില്ല. പ്രിലിമിനറി, മെയിൻ പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവയാണ് പ്രിലിമിനറി പരീക്ഷയുടെ കേന്ദ്രങ്ങൾ. മെയിൻ പരീക്ഷയ്ക്ക് കേരളത്തിൽ കേന്ദ്രങ്ങളില്ല. ചെന്നൈയാണ് തൊട്ടടുത്ത കേന്ദ്രം. ഒഴിവുകൾ: 151. പ്രായപരിധി: 2022 ആഗസ്റ്റ് ഒന്നിന് 21- 32. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്കാർക്ക് മൂന്നും വർഷം ഇളവ് ലഭിക്കും. വെബ് സൈറ്റ്: www.upsc.gov.in.