പത്തനാപുരം : ഇറച്ചി മാലിന്യങ്ങൾ ജലാശയങ്ങളിലും റോഡുകളിലും തള്ളുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. കിഴക്കേ ഭാഗം, കടയ്ക്കാ മൺ, ചേകം, ചെന്നിലമൺ, വാഴത്തോപ്പ് , കമുകുംചേരി, പിടവൂർ, കല്ലും കടവ്, കുണ്ടയം ,പുന്നല, പിറവന്തൂർ, കറവൂർ തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് വശത്തും ജലാശയങ്ങളിലും രാത്രിയുടെ മറവിൽ ഇറച്ചി മാലിന്യവും ആശുപത്രി മാലിന്യങ്ങളുമടക്കം തള്ളുന്നത് പതിവായിരിക്കയാണ്. ഭൂരിഭാഗം മാലിന്യങ്ങളും ചാക്കിലും കവറുകളിലുമാക്കി
ജലാശയങ്ങളിലാണ് തള്ളുന്നത്. തെരുവ് നായ്ക്കളുടെ ശല്യവും അതി രൂക്ഷമാണ് .
കുടിവെള്ളം മുട്ടി
വേനലിൽ കിണറുകളിൽ വെള്ളം വറ്റിയതോടെ കനാൽ,തോട്,ആറ് ഉൾപ്പെടെയുള്ള ജലാശയങ്ങളെയാണ് ആളുകൾ ആശ്രയിക്കുന്നത്. എന്നാലിപ്പോൾ ജലാശങ്ങളിൽ മാലിന്യം നിറഞ്ഞ് പലരുടെയും കുടിവെള്ളം മുട്ടിയ അവസ്ഥയാണ്. റോഡ് വശങ്ങളിൽ മാലിന്യം നിറഞ്ഞപ്പോൾ ചില പ്രദേശങ്ങളിൽ നാട്ടുകാർ കാവലിരുന്ന് മാലിന്യം മാലിന്യം തള്ളാനെത്തുന്നവരെയും വാഹനവും പിടികൂടി പൊലീസിൽ ഏൽപ്പിച്ചെിലും കേസെടുക്കാതെ വിട്ടെന്ന ആക്ഷേപവുമുണ്ട്.
മാലിന്യ സംസ്കരണ സംവിധാനമില്ല
പിറവന്തൂർ ,പത്തനാപുരം, പട്ടാഴി തുടങ്ങിയ പഞ്ചായത്തുകളിൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ ഇല്ലാത്തതാണ് പ്രധാന വിഷയം. പഞ്ചായത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നതിനായി പ്രധാന കവലകളിൽ മാലിന്യ നിക്ഷേപപെട്ടികൾ സ്ഥാപിച്ചെങ്കിലും അതും പ്രയോജനം കണ്ടില്ല. മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പഞ്ചായത്ത്, ആരോഗ്യ,പൊലീസ് വകുപ്പുകൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്തുകളിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.
ബെന്നി കക്കാട് (കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി )
കവലകളിൽ മാലിന്യ നിക്ഷേപപെട്ടികൾ സ്ഥാപിക്കണം. പൊലീസ് രാത്രികാല പരിശോധന കർശനമാക്കണം.
വി. ജെ. ഹരിലാൽ .
(എസ് .എൻ .ഡി. പി യോഗം പത്തനാപുരം യൂണിയൻ കൗൺസിലർ. )