
ചാത്തന്നൂർ: റോഡിന്റെയും പൊതുകുളത്തിന്റെയും വശങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ്, കരുണ സെൻട്രൽ സ്കൂൾ, പാമ്പുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചള്ളി കാവ്, രാജീവ് ഗാന്ധി കോളനി, പൊതുകുളം എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന പ്രധാന റോഡിൽ ഇറച്ചി മാലിന്യം തള്ളുന്നത് പതിവാണ്.
രാത്രികാലങ്ങളിലാണ് വണ്ടിയിലെത്തി മാലിന്യം തള്ളുന്നത്. വേനൽ കടുക്കുന്ന സമയത്ത് കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന പൊതുകുളമാണ് ഇത്തരത്തിൽ വൃത്തിഹീനമാക്കുന്നത്. പ്രദേശങ്ങളിൽ സി.സി ടി.വി ക്യാമറകൾ ഇല്ലാത്തത് ഇവർക്ക് സഹായകമാകുന്നു.
കല്ലുവാതുക്കൽ പഞ്ചായത്തിൽ ധാരാളം കോഴി ഫാമുകൾ ഉണ്ടെങ്കിലും പലതിനും മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ല. പലതും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നത്. മാലിന്യം വ്യാപകമായി നിക്ഷേപിക്കുന്നതിനാൽ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. പ്രദേശവാസികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പഞ്ചായത്തിൽ എ.ബി.സി പദ്ധതി നടപ്പാക്കിയെങ്കിലും പല പ്രദേശങ്ങളിലും നായ്ക്കളുടെ ശല്യം കൂടിവരികയാണ്. അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
""
പഞ്ചായത്ത് പ്രദേശത്ത് സി.സി ടി.വി കാമറകൾ സ്ഥാപിക്കണം. കോഴി ഫാമുകൾക്ക് ലൈസൻസ് നിർബന്ധമാക്കി മാലിന്യ സംസ്കരണ സംവിധാനം കർശനമാക്കണം.
നാട്ടുകാർ