
കൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനിൽപ്പിന് അടിയന്തര ഘട്ടത്തിൽ ആവശ്യമായ പണം ഒന്നിച്ച് നൽകുന്നത് പരിഗണനയിലാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്.
ചാത്തന്നൂർ സഹകരണ സ്പിന്നിംഗ് മിൽ രണ്ടാംഘട്ട നവീകരണ പദ്ധതിയുടെ ഉദ്ഘാടനവും ഗ്രാറ്റുവിറ്റി വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മാതൃകയായ പൊതുമേഖലയാണ് കേരളത്തിലേത്. അത് നിലനിറുത്തുന്നതിന് എല്ലാ പിന്തുണയും സർക്കാർ നൽകിവരികയാണ്.
എന്നാൽ ഉത്പാദനക്ഷമത വർദ്ധനയ്ക്ക് പ്രാമുഖ്യം നൽകേണ്ടതുണ്ട്. അതിന് തൊഴിലാളികളുടെ പ്രയത്നവും ആധുനീകരണവും പ്രധാനമാണ്.ഇത്തരത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കിവരികയാണ്. ഇത് ലക്ഷ്യം കാണുന്നതിന് ഉദാഹരണമാണ് അഞ്ച് സ്പിന്നിംഗ് മില്ലുകൾ ലാഭത്തിലായത്. നിലവാരം ഉറപ്പാക്കാനായാൽ മികച്ച നിലയിൽ മുന്നോട്ടു പോകാനാകുമെന്നും മന്ത്രി പറഞ്ഞു.
ആധുനീകരണം നടപ്പാക്കുന്നതിനൊപ്പം വികസന പരിപാടികൾ വിപുലീകരിച്ച് പൊതുമേഖലയെ നിലനിറുത്തുമെന്ന് കുടിശിക വിതരണത്തിൽ പങ്കെടുത്ത ധന മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷനായി. തദ്ദേശ ഭരണ സ്ഥാപന ഭാരവാഹികളായ ടി. ദിജു, ശ്രീജ ഹരീഷ്, എ. ദസ്തക്കിർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, സ്പിന്നിംഗ് മിൽ ചെയർമാൻ എ.ആർ. ബഷീർ, ടെക്സ്ഫെഡ് മാനേജിംഗ് ഡയറക്ടർ എം.കെ. സലീം തുടങ്ങിയവർ പങ്കെടുത്തു.