
കൊല്ലം: പീരങ്കി മൈതാനത്തെ ദളിത് നവോത്ഥാന ചരിത്രം ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിൽ നിന്ന് എൽ.ഡി.എഫ് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി നില്പ് സമരം നടത്തി. കൊല്ലം ജില്ലയിൽ മാത്രമാണ് ചരിത്രത്തിന്റെ ഭാഗമായ സ്ഥലങ്ങൾ അഴിമതിക്കായി വീതിച്ചു നൽകുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു.
ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് സർക്കാരിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്നിൽ നടക്കുന്നതെന്നും ഗോപകുമാർ പറഞ്ഞു. ഈ സമരം സൂചനയാണെന്നും പദ്ധതിയിൽ നിന്ന് പിന്മാറാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരത്തിന് ജില്ല സാക്ഷ്യം വഹിക്കുമെന്നും അദ്ധ്യക്ഷത വഹിച്ച പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ബി. ബബുൽ ദേവ് പറഞ്ഞു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബോബൻ സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി പ്രസാദ് നന്ദിയും പറഞ്ഞു. ബി.ജെ.പി സംസ്ഥാന സമിതി അംഗം നെടുമ്പന ശിവൻ, ജില്ലാ ഭാരവാഹികളായ സൗമ്യ, ബൈജു ചവറ, മണ്ഡലം പ്രസിഡന്റ് ബാബു കിളികൊല്ലൂർ, രാജൻ കാവുങ്കൽ, പി.സി. രാജേന്ദ്രൻ, ചന്ദ്രബോസ്, അനിൽ ചെന്താപൂര്, അംഗങ്ങളായ രാജി പാവുമ്പ, അനൂപ് വെണ്മണിയോട് തുടങ്ങിയവർ പങ്കെടുത്തു.