കൊല്ലം: പീരങ്കി മൈതാനത്ത് കളക്ടറേറ്റ് അനക്സ് നിർമ്മാണം വേണ്ടെന്ന് ഇന്നലെ ചേർന്ന സി.പി.എം - സി.പി.ഐ ജില്ലാ നേതാക്കളുടെ യോഗം നിലപാടെടുത്തു. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടുന്നതിന് മുന്നോടിയായി മറ്റ് ഘടക കക്ഷികളുടെയും അഭിപ്രായം കേൾക്കും. ഇതിനായി എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം 26ന് ചേരും.
റവന്യു വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം കൂടിയാലോചനകൾക്ക് ശേഷമാകണമെന്ന നിർദ്ദേശം സി.പി.എം നേതാക്കൾ മുന്നോട്ടുവച്ചു. കോർപ്പറേഷന്റെ പദ്ധതികൾക്കും ഇത്തരം ആലോചനകൾ വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. ഇതോടെ റവന്യു വകുപ്പിന്റെയും കോർപ്പറേഷന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ കൂടിയാലോചനകൾക്ക് ശേഷം മതിയെന്ന ധാരണയെത്തി.
 തീരുമാനം രണ്ടു വർഷം മുൻപ്
2016-17ലെ ബഡ്ജറ്റിലാണ് കൊല്ലത്ത് കളക്ടറേറ്റ് അനക്സ് അനുവദിച്ചത്. പീരങ്കി മൈതാനത്ത് അനക്സ് സ്ഥാപിക്കണമെന്ന നിർദ്ദേശം രണ്ടുവർഷം മുമ്പ് കളക്ടറേറ്റിൽ നിന്നു പോയി. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പദ്ധതിക്ക് തത്വത്തിൽ ഭരണാനുമതി നൽകി നിർവഹണ ഏജൻസിയായി ഹൗസിംഗ് ബോർഡിനെ ചുമതലപ്പെടുത്തി. അതിനായി എസ്റ്റിമേറ്റും രൂപരേഖയും തയ്യാറാക്കാനായി ഹൗസിംഗ് ബോർഡുമായി കൂടിയാലോചന നടത്തി. ഇതോടെയാണ് സംഭവം പുറത്തായത്. നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ എൽ.ഡി.എഫിന്റെ നിലപാട് ലഭിച്ചാലുടൻ നേരത്തെ നൽകിയ തത്വത്തിലുള്ള ഭരണാനുമതി റദ്ദാക്കാനാണ് സാദ്ധ്യത.