kunnathoor
കളഞ്ഞു കിട്ടിയ പണം ഉടമയായ ഉണ്ണികൃഷ്ണന് ശിവൻ കുട്ടി കൈമാറുന്നു

കുന്നത്തൂർ: കളഞ്ഞു കിട്ടിയ 50000 രൂപ ഉടമയ്ക്ക് നൽകി കംഫർട്ട് സ്റ്റേഷൻ തൊഴിലാളി മാതൃകയായി. ഭരണിക്കാവിലെ കംഫർട്ട് സ്റ്റേഷനിലെ തൊഴിലാളിയായ ശിവൻ കുട്ടി(55) ക്ക് കഴിഞ്ഞ ദിവസമാണ് ആരോ കംഫർട്ട് സ്റ്റേഷനിൽ മറന്നുവച്ച പണം ലഭിച്ചത്. ആരുടേതെന്ന് അറിയാൻ പലരോടും അന്വേഷിഷിച്ചെങ്കിലും കൃത്യമായ അടയാള സഹിതം ആരും എത്താതിരുന്നതിനാൽ തുക ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെത്തി കൈമാറി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പോരുവഴി ഇടയ്ക്കാട് ദേവഗിരി പാലത്തടത്തിൽ മേലതിൽ ഉണ്ണികൃഷ്ണന്റേതാണ് നഷ്ടപ്പെട്ട പണമെന്ന് കണ്ടെത്തി.വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിലെത്തിയ ഉണ്ണികൃഷ്ണന് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ശിവൻ കുട്ടി പണം കൈമാറി. പരാധീനതകൾക്കിടയിലും തനിക്ക് കളഞ്ഞു കിട്ടിയ പണം യഥാർത്ഥ ഉടമയ്ക്ക് കൈമാറാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി ശിവൻ കുട്ടി പറഞ്ഞു.