
കൊല്ലം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കാൻ സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.
ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഇ കാസിം സ്മാരക ഹാളിൽ ചേർന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ എസ്. ഓമനക്കുട്ടൻ അദ്ധ്യക്ഷനായി.
ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, കെ.എസ്.ടി.എ വൈസ് പ്രസിഡന്റ് എൽ. മാഗി, എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ, കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡന്റ് എൻ.എസ്.ഷൈൻ എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ ആർ. രാജീവ് കുമാർ സ്വാഗതവും ആക്ഷൻ കൗൺസിൽ ജില്ലാ പ്രസിഡന്റ് ജി.കെ. ഹരികുമാർ നന്ദിയും പറഞ്ഞു.